അന്പലപ്പുഴ: അന്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകരനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാപക പോസ്റ്ററുകൾ.
സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പുന്നപ്ര, പറവൂർ, കളർകോട് ഭാഗങ്ങളിലാണ് ജി. സുധാകരന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയത്.
ജി. ഇല്ലാതെ എന്തുറപ്പ്, ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ, ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും.
പാർട്ടിക്ക് തുടർഭരണം വേണ്ടേ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന്റെ മതിലിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
സുധാകരനു പകരം മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർഥിക്കെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്.
ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ എന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കിയിട്ടുണ്ട്.
അതേസമയം ആലപ്പുഴയിലെ പ്രധാന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും വീണ്ടും മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിൽ ജില്ലയിലെ പാർട്ടിയിൽ അതൃപ്തിയുണ്ട്.
ഇരുവർക്കും ഒരവസരം കൂടി നൽകണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്.
എന്നാൽ ടേം മാനദണ്ഡത്തിൽ ആർക്കും ഇളവ് നൽകേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധമുണ്ടാകുമെന്നാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ തന്നെ പറയുന്നത്.
പ്രതിഷേധം എത്ര ഉയർന്നാലും ജി. സുധാകരന് സ്ഥാനാർഥിത്വം നൽകില്ലെന്ന സൂചന പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്.