തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി ജി.സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഡി. സുരേഷ് കുമാർ സ്ഥാനമൊഴിഞ്ഞു. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്നാണു പ്രൈവറ്റ് സെക്രട്ടറി സ്ഥാനം സുരേഷ്കുമാർ രാജിവച്ചതെന്നാണു സൂചന. എന്നാൽ, പാർട്ടി പ്രവർത്തന രംഗത്തു സജീവമാകുന്നതിനാണു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്നു സുരേഷ് കുമാർ അറിയിച്ചു.
സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നേതാക്കളെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതിനെ തുടർന്നാണു കഴിഞ്ഞ ഓഗസ്റ്റിൽ സുരേഷ് കുമാർ മന്ത്രി ജി. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. കൊല്ലം ജില്ലയിലെ സിപിഎം നേതാവും പുനലൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്നു സുരേഷ് കുമാർ. 25 വർഷത്തോളം പുനലൂർ മുൻസിപ്പലൽ കൗണ്‍സിലറുമായിരുന്നു.