സെബി മാളിയേക്കൽ
തൃശൂർ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ ചെയ്യുന്നവർക്കു താമസിക്കാൻ സർക്കാർ വിശ്രമമന്ദിരങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ച പൊതുമരാമത്ത് (കെട്ടിടവിഭാഗം) ചീഫ് എൻജിനിയർക്കു പൊതുമരാമത്തു മന്ത്രിയുടെ ശകാരവും താക്കീതും.
ക്വാറന്റൈൻ കേന്ദ്രങ്ങൾ ലിസ്റ്റ്ചെയ്യാനുള്ള സർക്കാർ ഉത്തരവിനെതുടർന്ന് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർമാർ എല്ലാ സർക്കാർ വിശ്രമമന്ദിരങ്ങളുടെയും ലിസ്റ്റ് നൽകുകയും ചീഫ് എൻജിനിയർ സർക്കാരിനു സമർപ്പിക്കുകയുംചെയ്തിരുന്നു. എന്നാൽ മന്ത്രി ഇടപെട്ടു റസ്റ്റ് ഹൗസുകളെ പൂർണമായും ഒഴിവാക്കി.
തുടർന്ന് ചീഫ് എൻജിനിയറോടും എക്സിക്യൂട്ടീവ് എൻജിനിയറോടും വിശദീകരണം ആവശ്യപ്പെട്ടു. ഇതിലും തൃപ്തിവരാതെയാണു താക്കീതിന്റെ രൂപത്തിൽ മന്ത്രിയുടെ ലെറ്റർ പാഡിൽ കൈയൊപ്പോടുകൂടിയ കത്ത്.
കത്തിൽനിന്ന്: “കൊറോണ കെയർ സെന്ററുകളുടെ ലിസ്റ്റിൽ റെസ്റ്റ് ഹൗസുകളെ ഉൾപ്പെടുത്തിയതിന് എക്സിക്യൂട്ടീവ് എൻജിനീയർമാർ നൽകിയ വിശദീകരണത്തിൽ യാതൊരുവിധ ജാഗ്രതയും പ്രകടിപ്പിച്ചില്ലെന്നു മനസിലാക്കാൻ കഴിയും.
ചീഫ് എൻജിനിയർ റെസ്റ്റ് ഹൗസുകളെ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ ഇടപെട്ടാണ് ഇതു തടഞ്ഞത്. സർക്കാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൗസുകൾ വിട്ടുനൽകുമായിരുന്നു.
അങ്ങനെയെങ്കിൽ ആറുമാസക്കാലത്തേക്കു മറ്റാർക്കും താമസിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. തങ്ങളെ ഏല്പിച്ചിട്ടുള്ള ആസ്തികൾ ഉത്തരവാദിത്വത്തോടുകൂടി കൈകാര്യംചെയ്യുന്നതിനു പൊതുമരാമത്തു വകുപ്പിനു കഴിയുന്നില്ല എന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ട എൻജിനിയർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതു വകുപ്പിന് അന്തസായിരിക്കും.’
വിദേശത്തുനിന്നു വരുന്നവർക്കുള്ള “എ’ഗ്രേഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ 90 ശതമാനവും ക്രൈസ്തവസഭയുടെ ധ്യാനകേന്ദ്രങ്ങളും എൻജിനിയറിംഗ് കോളജുകളുടെ ഹോസ്റ്റലുകളുമാണെന്നതാണു വസ്തുത. ബാത്ത്റൂമോടുകൂടിയ മുറികൾ മറ്റൊരിടത്തും ലഭ്യമല്ല എന്നതാണ് നോഡൽ ഓഫീസർമാർ പറയുന്ന ന്യായം.
ഇതേസമയത്താണ് സർക്കാർ സ്ഥാപനങ്ങൾ വിട്ടുകൊടുക്കുന്നതിനെതിരേ മന്ത്രിയുടെ കത്ത് പുറത്തുവന്നിട്ടുള്ളത്.