ജോണ്സണ് വേങ്ങത്തടം
കോട്ടയം: എറണാകുളം സിപിഎം സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വിഭാഗീയത ഒതുക്കാനും ബദല്‍ കൂട്ടുകെട്ടിനെ അനുനയിപ്പിക്കാനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇറക്കും.
ആരോഗ്യപ്രശ്നത്തിന്റെ പേരില്‍ മാറിനിന്നിരുന്ന കോടിയേരി വീണ്ടും സജീവമായിട്ടുണ്ട്.
കണ്ണൂര്‍ലോബിക്കും മറ്റു മേഖലകളിലുള്ളവര്‍ക്കും സ്വീകാര്യനാണ് കോടിയേരി. രണ്ടാം വട്ടവും അധികാരം നേടിയതോടെ സിപിഎമ്മില്‍ വിഭാഗീയത മറനീക്കിയിട്ടുണ്ട്.
എറണാകുളം സമ്മേളനത്തില്‍ പി.ജയരാജന്റെയും ജി. സുധാകരന്റെയും ബദല്‍ കൂട്ടുക്കെട്ട് ഉണ്ടാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്.
വടക്കുനിന്ന് ‘പി ‘ യും തെക്കുനിന്ന് ‘ജി ‘യും ഒത്തു ചേരുന്ന സമ്മേളനമായി എറണാകുളം മാറാതെയിരിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ‘പി ‘ യുടെ സ്വാധീനമേഖലകളാണെന്നാണ് അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയില്‍ ‘ ജി’ പക്ഷവും ശക്തമാണ്.
പിണറായി പക്ഷത്തോടു നേരിട്ടെതിര്‍ക്കാന്‍ തക്കവിധം ‘ജിപി’ പക്ഷം ശക്തി കാണിച്ചതോടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് പാര്‍ട്ടിയില്‍ ഉരുത്തിരിയുന്നത്.
കോടിയേരി ഇറങ്ങിയാൽ
ആശയപരവും പ്രവര്‍ത്തനപരവുമായി ഭിന്നചേരിയിലായിരിക്കുന്ന ജയരാജന്-സുധാകരന് പക്ഷത്തെ അനുനയിപ്പിക്കാന്‍ കോടിയേരിക്കു സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
ആലപ്പുഴയിലും കോഴിക്കോട്ടിലും കണ്ണൂരിലും സംസ്ഥാന നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയുടെ നോട്ടപ്പുള്ളികളായി മാറിയിരിക്കുന്നത്.
കണ്ണൂരില്‍ ശക്തമായ സാന്നിധ്യമുള്ള പി.ജയരാജനെ അനുനയിപ്പിക്കാന്‍ കോടിയേരിക്കു മാത്രമേ സാധിക്കൂ.
പാര്‍ട്ടി നല്കുന്ന സ്ഥാനമാനങ്ങളൊന്നും ജയരാജന് സ്വീകരിക്കാന്‍ ഇടയില്ലെന്നും കേള്‍ക്കുന്നു. അതേസമയം, കണ്ണൂര്‍ സെക്രട്ടറിസ്ഥാനം ലഭിച്ചാല്‍ അദ്ദേഹം സ്വീകരിക്കാനും സാധ്യതയുണ്ട്.
ആലപ്പുഴയില്‍ പുതുതലമുറ കടന്നു വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. പഴയ നേതാക്കള്‍ ഒതുക്കപ്പെടുമെന്ന ഭയമുണ്ട്.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന പാര്‍ട്ടി സമ്മേളനമാണ് ഈ വര്‍ഷം തുടങ്ങി 2022 ഫെബ്രുവരിയില്‍ അവസാനിക്കുന്ന വിധം നീണ്ടു പോയത്.
സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ വരെ ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളന കാലങ്ങളാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തുടങ്ങുന്ന ജില്ലാ സമ്മേളനങ്ങളില്‍ ആദ്യത്തെ സമ്മേളനം നടക്കുന്നത് എറണാകുളത്തായിരിക്കും.