ന്യൂഡൽഹി: ഇന്നു മുതൽ മൂന്നു ദിവസം രാജ്യതലസ്ഥാനമായ ഡൽഹി ലോകതലസ്ഥാനമായി മാറും. ജി20 ഉച്ചകോടിക്കായി ലോകനേതാക്കൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു രണ്ടു ദിവസത്തെ ഉച്ചകോടിക്കെത്തുക.
ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും ജി 20 പ്രതിനിധാനം ചെയ്യുന്നു. നാളെയും മറ്റന്നാളുമായാണ് ഉച്ചകോടി.
നേതാക്കളിൽ ഏതാനും പേർ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കൂടുതൽ നേതാക്കളും എത്തും. വൈകിട്ട് എഴ് മണിയോടെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തുക.
എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി.കെ. സിംഗ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും.
പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഉച്ചകോടിക്കുശേഷം വിയറ്റ്നാമിലേക്കു പോകുന്നതിനുമുന്പ് ബൈഡൻ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.
ജപ്പാൻ
പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ആസിയാൻ, കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മോദി ഇന്നലെ ഡൽഹിയിൽ മടങ്ങിയെത്തി.