ന്യൂഡൽഹി: 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളെ നേരിട്ടു സ്വാഗതംചെയ്തു.
ലോകനേതാക്കളുടെ ഫോട്ടോ സെഷനുശേഷം ആദ്യഘട്ട സമ്മേളനം തുടങ്ങി. വിവിധ രാജ്യതലവന്മാർ തമ്മിൽ ഇന്നു നയതന്ത്രതല ചർച്ചകൾ നടക്കും. വൈകുന്നേരം രാഷ്ട്രതലവന്മാർക്കായി രാഷ്ട്രപതി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. സമാപനദിവസമായ നാളെ രാവിലെ എല്ലാ രാഷ്ട്രനേതാക്കളും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.
യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉൾപ്പെടെയുള്ള ലോകനേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചർച്ച ചെയ്തു സമാപനദിവസമായ നാളെ പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയിൽ റഷ്യ- യുക്രെയ്ൻ യുദ്ധം അടക്കമുള്ള പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടതായും സൂചനയുണ്ട്. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 യോഗം ചേരുന്നത്.
ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ഡൽഹിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.