മുംബൈ: ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ മര്‍ദിച്ച ദമ്പതിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പല്‍സാവാഡേ സ്വദേശികളായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കടുവ സെന്‍സസ് ജോലികള്‍ക്കെത്തിയ വനിതാ ഫോറസ്റ്റ് ഗാര്‍ഡ് സിന്ധു സനാപിനെയാണ് ഇയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്.
സിന്ധുവിന്റെ ഭര്‍ത്താവും ഫോറസ്റ്റ് ഗാര്‍ഡുമായ സൂര്യാജി തോംബാരെയ്ക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. മര്‍ദനമേറ്റ സിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്.
മുന്ഗ്രാമമുഖ്യനാണ് രാമചന്ദ്ര. കഴിഞ്ഞ ദിവസമാണ് വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ ഇരുവരും മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരെയും സത്താറ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അധ്യക്ഷ രുപാലി ചകംഗര് സത്താറ പോലീസിനോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര വനം-പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.