അഞ്ചല്‍ : ഇട്ടിവ പഞ്ചായത്തിലെ ചെറുകുളം നാടിനെ നടുക്കി ഇന്നലെ നാലോടെയാണ് ദുരന്തവാര്‍ത്ത പുറംലോകം അറിയുന്നത്.
പ്രദേശത്തെ സുപരിചിതനും അപകടം നടന്ന ചെറുകുളം കരിങ്കല്‍ ക്വാറിയിലെ ടിപ്പര്‍ലോറിയിലെ ഡ്രൈവറുമായ സെബാസ്റ്റ്യൻ ജോണിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.
ക്വാറിയിലെ ടിപ്പറിലെ ഡ്രൈവറായ സെബാസ്റ്റ്യൻ ജോണ്‍ ക്വാറിയിലെ പാത നനയ്ക്കുന്ന വെള്ളവുമായി എത്തിയ ലോറിയുടെ ഡ്രൈവറായത് ഒരു ദിവസത്തേക്ക് മാത്രം.
ടാങ്കര്‍ ലോറി ഡ്രൈവര്‍ അവധിയായതിനാലാണ് സെബാസ്റ്റ്യൻ ജോണ്‍ താല്‍ക്കാലികമായി ലോറി എടുത്തത്.
വൈകുന്നേരം നാലോടെ വെള്ളവുമായി ഇറക്കം ഇറങ്ങിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എടുത്തിട്ട മണ്ണില്‍ നിര്‍മിച്ച പാതയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
ബ്രേക്ക് നഷ്ടമായ ലോറി പാതയ്ക്ക് സമീപം വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ചുനിര്ത്താനുള്ള ശ്രമം ഉണ്ടായെങ്കിലും വിഫലമായി.
തുടര്‍ന്ന് പാതക്ക് വശത്തായി സ്ഥാപിച്ചിരുന്ന ടിന്‍ഷീറ്റ് കൊണ്ടുള്ള വേലി തകര്‍ത്ത് എഴുപതടിയോളം താഴ്ചയില്‍ ക്വാറിയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ കാബിനില്‍ കുടുങ്ങിയ സെബാസ്റ്റ്യൻ ജോണിനെ ഏറെനേരം ശ്രമിച്ചുവെങ്കിലും പുറത്ത് എടുക്കാന്‍ കഴിഞ്ഞില്ല.
ഒരുമണിക്കൂറോളം കഴിഞ്ഞു കടയ്ക്കല്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് കാബിന് പൊളിച്ചു സെബാസ്റ്റ്യൻ ജോണിനെ പുറത്തെടുക്കുന്നത്.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍ ഒരുകുടുംബത്തിന്റെ നാഥനായ സെബാസ്റ്റ്യൻ ജോണിന്റെ മരണം വിരല്ചൂണ്ടുന്നത്ത് കരിങ്കല്‍ ക്വാറിയിലെ ഗുരുതരമായ സുരക്ഷ വീഴ്ചയാണ്.
പാതയില്‍ നിന്നും നൂറടിയിലധികം താഴ്ചയുള്ള ക്വാറിയില്‍ നിന്നും ലോറികള്‍ ലോഡുമായി എത്തുന്നത് ഹെയര്‍പിന്‍ വളവിന് സമാനമായ പാതയിലൂടെയാണ്.
പാതയുടെ ചില ഭാഗത്താകട്ടെ എടുത്തിട്ട മണ്ണാണ്. ഇവിടെ സുരക്ഷയ്ക്കായി കാര്യമായ യാതൊരുവിധ നടപടിയും ഇല്ല. ആകെയുള്ളത് ടിന്‍ഷീറ്റില്‍ തീര്‍ത്ത ഒരു സുരക്ഷ വേലി.
ഇതാകട്ടെ ഒരാള്‍ കൈകൊണ്ടുതള്ളിയാല് പോലും നിലംപതിക്കും. ഇന്നലെ അപകടത്തില്‍പ്പെട്ട ലോറി പാഞ്ഞുവന്ന് ഷീറ്റില്‍ സ്ഥാപിച്ച വേലി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.
ഷീറ്റ് കൊണ്ടുള്ള സുരക്ഷവേലിയുടെ ഭാഗത്ത് കല്ലുകൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ വേലി സ്ഥാപിച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ലോറി താഴ്ചയിലേക്ക് മറിഞ്ഞ സമയത്ത് താഴെ ഭാഗത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാലും ലോറി കൂടുതല്‍ താഴ്ചയിലേക്ക് മറിയാതെ കുടുങ്ങി നിന്നതിനാലും ഒഴിവായത് വലിയ ദുരന്തമാണ്.
ക്വാറിയിലെ സുരക്ഷവീഴ്ചെക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത നാട്ടുകാര്‍ തള്ളിക്കളയുന്നില്ല.