കൊച്ചി: നഗരത്തെ ഞെട്ടിച്ചു വീണ്ടും ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കാരിയര്‍ സ്റ്റേഷന് റോഡില്‍ വച്ചാണ് യുവാവിനെ ഗുണ്ടാ സംഘം ആക്രമിച്ചത്. മാളിയേക്കല്‍ ജോജോ ജോസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.ആറംഗ സംഘം കമ്പിവടിയും വടിവാളുമായെത്തിയാണ് ആക്രമണം നടത്തിയതെന്നും കലൂരിലും സമീപ പ്രദേശങ്ങളും താവളമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇവരെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു.
സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമിക്കപ്പെടാനുള്ള കാരണമെന്നാണ് ജോജോ ജോസ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനത്തില്‍ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ ജോജോയ്ക്കു കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ക്വട്ടേഷനാണെന്നു പറഞ്ഞതിനു ശേഷമാണ് ഗുണ്ടാ സംഘം ആക്രമിച്ചതെന്നാണ് ജോജോ സെന്‍ട്രല്‍ പോലീസിനോടു പറഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ ജോജോയുടെ സുഹൃത്ത് ടിബിനും കാറിലുണ്ടായിരുന്നു.
സൗത്ത് സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല നടത്തിപ്പിനുള്ള ഒരു വര്‍ഷത്തേക്കുള്ള കരാര്‍ ലഭിച്ചിരുന്നത് കണ്ണൂര്‍ സ്വദേശിക്കാണ്. 37,000 രൂപ ഒരു ദിവസം റെയില്‍വേയ്ക്കു നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു കരാര്‍. എന്നാല്‍, ഇയാള്‍ 50,000 രൂപ ദിവസം നല്‍കണമെന്ന കരാറുണ്ടാക്കി ഭക്ഷണശാല നടത്തിപ്പു ജോജോയ്ക്കു മറിച്ചു നല്‍കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. 1.37 കോടി രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. പക്ഷേ, റെയില്‍വേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷണശാലയിലെ പല ഉത്പന്നങ്ങളും വില്ക്കാന് സാധിക്കാഞ്ഞതിനാല്‍ നഷ്ടം സംഭവിക്കുകയായിരുന്നു.
മേയ് വരെയുള്ള കരാറാണ് റെയില്‍വേ കണ്ണൂര്‍ സ്വദേശിക്കു നല്‍കിയിരുന്നത്. എന്നാല്‍, ജോജയ്ക്കു ഇയാള്‍ മറിച്ചു നല്‍കിയത് ഓഗസ്റ്റ് 15നാണ്. ഇതുമൂലം റെയില്‍വേ മേയില്‍ ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഓഗസ്റ്റ് വരെ തുടരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ജോജോയുടെ നിലപാട്. എന്നാല്‍, തനിക്കു സംഭവിച്ച നഷ്ടത്തിന്റെ മൂന്നിലൊന്നെങ്കിലും തിരിച്ചു നല്കിയാല് ഭക്ഷണശാല ഒഴിയാമെന്നു ജോജോ അറിയിച്ചിരുന്നതായും പറയുന്നു.
ആകെ നഷ്ടം സംഭവിച്ച 23 ലക്ഷം രൂപയില്‍ മൂന്നിലൊന്നു നല്‍കാമെന്നു കണ്ണൂര്‍ സ്വദേശി സമ്മതിച്ചെങ്കിലും പിന്നീട് ഇതു സാധ്യമല്ലെന്നു അറിയിക്കുകയായിരുന്നവെന്നും ജോജോ പറഞ്ഞു. ഇക്കാര്യത്തേച്ചൊല്ലി കണ്ണൂര്‍ സ്വദേശിയുടെ മകനും ജോജോയും തമ്മില്‍ തകര്മുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ജോജോ ആക്രമിക്കപ്പെട്ടത്.
എന്നാല്‍, അനാവശ്യ കാരണങ്ങള്‍ ആരോപിച്ചു ജോജോ പണം ആവശ്യപ്പെടുകയും ചെയ്തുവെന്നു ഷമീന്‍ എന്ന വ്യക്തിയും പരാതി നല്‍കിയിട്ടുണ്ടെന്നു എറണാകുളം സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജന് പറഞ്ഞു. ജോജോയുടെ പരാതിയിന്മേലുള്ള അന്വേഷണം നടക്കുകയാണെന്നും സാക്ഷി മൊഴികള്‍ കൂടി ഇന്നു പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ ജോജോ ആശുപത്രിയില്‍ ചികിത്സയിലാണ്.