തൊടുപുഴ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന് സാമുവലിനെ (47) കൊന്ന് പായില്‍ പൊതിഞ്ഞു തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മൂലമറ്റം സ്വദേശി ഷാരാണിനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പോലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാലു പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകു എന്നും തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.സാജന് സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്.
ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് മേലുകാവ് സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറും. സാജന്റെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാജന് സാമുവലിന്റെ മൃതദേഹം പായില്‍ പൊതിഞ്ഞു തള്ളിയ നിലയില്‍ ഇന്നലെ രാവിലെയാണ് മൂലമറ്റം കെഎസ്ഇബി കോളനിക്കു സമീപം തേക്കിന്‍കൂപ്പിലെ കുറ്റിക്കാട്ടില്‍ കണ്ടത്. അതി ക്രൂരമായ കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ഇടതു കൈ വെട്ടി മാറ്റിയിരുന്നു. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്.
29 മുതല്‍ സാജന് സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പോലീസ് സ്റ്റേഷനില്‍ ഇയാളുടെ ബന്ധുക്കള്‍ പരാതി ഉണ്ടായിരുന്നു. മേലുകാവ് ഇരുമാപ്രയില്‍ നടത്തിയ കൊലയ്ക്കു ശേഷം പന്നിമാംസമെന്നു പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ ഇവിടെ നിന്ന് മൂലമറ്റത്തെത്തിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഓട്ടോയില്‍ പന്നിയെ കയറ്റാനാവില്ലെന്ന് പറഞ്ഞ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വാഹനത്തില്‍ മൃതദേഹം കയറ്റിയത്.
രക്തം പുരണ്ട ചാക്കുകെട്ടില്‍ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം പിതാവിനോടു പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാര്‍ പോലീസിന അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തിയാണ് മൃതദേഹം സാജന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന് സാമുവല്‍. 2018 മേയില്‍ കോതമംഗലത്തെ ബാറില്‍ ഉണ്ടായ അടിപിടിക്കൊടുവില്‍ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കിയ സാജനോട് വാഹനം മാറ്റിയിടാന്‍ പറഞ്ഞ നാട്ടുകാരെ കാറോടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുകയും ചെയ്തു.
അന്ന് കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. 2022 ഓഗസ്റ്റില്‍ മോലുകാവ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയില്‍ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയില്‍ കോതമംഗലം മൂവാറ്റുപുഴ, ഇടുക്കിയില്‍ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സാജന് പ്രതിയാണ്.