കോട്ടയം: ഗുണ്ടാ സംഘങ്ങൾ വീടുകയറിയുള്ള അക്രമണങ്ങൾ ജില്ലയിൽ തുടർ സംഭവങ്ങളാകുന്നു. കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടയിൽ ജില്ലയിൽ വിവിധയിടങ്ങളിലാണ് വീടുകയറിയുള്ള അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാന്പത്തിക -ലഹരി ഇടപാടുകളും ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയുമാണ് പല അക്രമണങ്ങളുടെയും കാരണമായി മാറുന്നത്. കഴിഞ്ഞ ദിവസം ഗാന്ധിനഗറിലുണ്ടായ സംഭവമാണ് ഇതിൽ അവസാനത്തേത്ത്.
പാന്പാടിയിയിൽ കഴിഞ്ഞ ഞായറാഴ്ചയും കുമരകത്തും അതിരന്പുഴ ഇരിപ്പേൽ ചിറയിലും പുന്നത്തറയിലും മാസങ്ങൾക്കു മുന്പും ഇത്തരത്തിലുള്ള സംഭവം നടന്നിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇവിടെ അക്രമണത്തിന് ഇരകളായി തീരുന്നത്.
വീടുകളിൽ അതിക്രമിച്ചു കയറുന്ന സംഘങ്ങൾ വീട്ടുപകരണങ്ങളും ജനാലകളും വാതിലുകളും തകർക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
തിങ്കൾ- ഗാന്ധിനഗർ
ഗാന്ധിനഗർ ചെമ്മനംപടിയ്ക്കു സമീപം തേക്കിൻപറന്പിൽ ഷൈൻ ഷാജിയുടെ വീടാണ് തിങ്കളാഴ്ച അർധരാത്രിയിൽ അഞ്ചംഗ സംഘം അടിച്ചു തകർത്തത്.
നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ കുരുമുളകു സ്പ്രേ പ്രയോഗിച്ചു പണം കവർന്ന കേസിൽ ഷൈൻ ഷാജി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. ഇതറിഞ്ഞാണ് അഞ്ചംഗ സംഘം ബൈക്കിലും കാറിലുമായി എത്തി അക്രമം നടത്തിയത്.
ഷൈനിന്റെ ഭാര്യയെയും മക്കളെയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷൈൻ ജയിലിൽ നിന്നിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
സംഭവത്തിൽ ഷൈനിന്റെ ഭാര്യ ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയിരുന്നു. അക്രമി സംഘങ്ങൾ എത്തിയ വാഹനങ്ങളിലൊന്ന് വെളുത്ത ആൾട്ടോ കാറാണെന്നും അതു തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചെന്നും ഗാന്ധിനഗർ പോലീസ് പറയുന്നു.
ഞായർ- പാന്പാടി
പാന്പാടിയിൽ മൈലാടിയിൽ വാടകയ്ക്കു താമസിക്കുന്ന ഓട്ടോ റിക്ഷ ഡ്രൈവറുടെ വീട്ടിൽ പട്ടാപ്പകലാണ് ആയുധധാരികളായ അക്രമി സംഘങ്ങൾ എത്തിയത്.
വിവിധ ബൈക്കുകളിലും കാറുകളിലുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞെത്തിയ ഒന്പതംഗ സംഘം വീട്ടുകാരന്റെ ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇയാൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. പിന്നീട് പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
തുടർക്കഥ
സമാന സംഭവമാണ് മാസങ്ങൾക്കു മുന്പ് കുരകത്തും ഏറ്റുമാനൂരിലും അരങ്ങേറിയത്. ചെറിയ വാഹന അപകടത്തിൽ തുടങ്ങിയ സംഘർഷമാണ് ഒടുവിൽ രണ്ടു സംഘങ്ങളായുള്ള ഗുണ്ടാ വിളയാട്ടമായി കുമരകത്തു മാറിയത്.
അവിടെയും പരസ്പരം വീടുകയറി അക്രമം നടത്തുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. അതിരന്പുഴ ഇരിപ്പേൽ ചിറയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറിയുള്ള അക്രമണമായി മാറിയത്.
പുന്നത്തറയിൽ വീടിനോടു ചേർന്നുള്ള ചായക്കടയിലാണ് അക്രമണം നടന്നത്. ചായക്കടയിലെത്തിയ സംഘം സംഘർഷം സൃഷ്ടിക്കുകയും പിന്നീട് കൂടുതൽ ആളുകളുമായെത്തി കടയും വീടും തല്ലി തകർക്കുകയുമായിരുന്നു.
മിക്ക കേസിലും പ്രതികളടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റു ചെയ്യുന്നുണ്ടെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന ഇവർ ഗുണ്ടാ സംഘങ്ങളായി അതിക്രമം തുടരുകയാണ്. വീടുകയറിയുള്ള അതിക്രമങ്ങളിൽ കഞ്ചാവ് സംഘങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.