ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞവിലയ്ക്കു സ്ഥലം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് മലയാളികളില്‍നിന്നു പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പോലീസ് പിടികൂടി.
ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരിൽ നിന്നാണു പണവും കാറുമടക്കം സംഘം തട്ടിയെടുത്തത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലയ്ക്കു സ്ഥലം അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്. ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു. ഇവിടുത്തെ തോട്ടവും വീടും കാണിച്ചു കൊടുത്തു.
പിന്നാലെ ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. ബന്ധിയാക്കിയതിനു പിന്നാലെ മൂന്നു ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്നു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകാൻ തയാറാകാതെ വന്നതിനെത്തുടർന്നു സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദിക്കുകയും പിന്നീട് കൈയിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരം രൂപയും തട്ടിയെടുത്തു. ഇവർ വന്ന കാറും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരെയും പെരുവഴിയിൽ ഇറക്കി വിട്ടു. തുടർന്ന് സിജിനും ഡാനിയും ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഘാംഗങ്ങളും ഗൂഡല്ലൂർ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ അംഗങ്ങളായ നാലുപേർക്കായി പോലീസ് തെരച്ചിൽ വ്യാപിച്ചിരിക്കുകയാണ്.