കോന്നി: ശബരിമലയെ തകർക്കാൻ എവിടെയോ ഗൂഢാലോചന നടക്കുന്നതായി പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ. കേരള വെള്ളാള മഹാസഭ കോന്നി താലൂക്ക് യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. സർക്കാരിനും ദേവസ്വം ബോർഡിനും സൽബുദ്ധി ഉണ്ടാകാൻ പ്രാർഥിക്കുകയാണ്.തീർഥാടനക്കാലത്ത് ആറ് കോടിയോളം ഭക്തർ ദർശനത്തിന് എത്തുന്നതായാണ് കണക്ക്.
ഇവരിൽ ഒരാൾ 500 രൂപയോളം ശബരിമലയിൽ ചെലവാക്കുന്നതായി കണക്കാക്കുന്നു. ഇതെല്ലാം പലതരത്തിൽ സർക്കാർ ഖജനാവിലേക്കാണ് എത്തുന്നത്. എന്നിട്ടാണ് സന്നിധാനത്ത് വെള്ളം തടഞ്ഞും ശൗചാലയങ്ങൾ അടച്ചിട്ടും ഭക്തരെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.