റബർ തോട്ടത്തിൽ തെരച്ചിൽ നടത്തിയപ്പോൾ സമീപവാസികളായ സ്ത്രീകളെ ഒപ്പം കൂട്ടിയത് പോലീസിന്റെ തന്ത്രമായിരുന്നു. കുഞ്ഞിനെ പ്രസവിച്ച സ്ത്രീ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ കണ്ടുപിടിക്കാനുള്ള തന്ത്രം.
കുഞ്ഞിനെ പ്രസവിച്ച സ്ത്രീ ഒപ്പമുണ്ടെങ്കിൽ അവർ അധികം വൈകാതെ അവശയാകുമെന്നും അസ്വസ്ഥത പ്രകടിപ്പിക്കുമെന്നുമുള്ള വൈദ്യശാസ്ത്ര ധാരണപ്രകാരമാണ് പോലീസ് ഈ നീക്കം നടത്തിയത്.
എന്നാൽ, പ്രത്യേകിച്ചു സൂചനകളൊന്നും പോലീസിനു ലഭിച്ചില്ല. പരിസരവാസികളായ സ്ത്രീകളെ ചോദ്യം ചെയ്യാനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴും പോലീസ് ബുദ്ധിപരമായ കാലതാമസം സൃഷ്ടിച്ചു.
മണിക്കൂറുകൾ വൈകിപ്പിച്ചിട്ടും സ്ത്രീകളിലാരും അസ്വസ്ഥത പ്രകടിപ്പിച്ചു കണ്ടില്ല. അതേസമയം, പ്രത്യേകിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും സുദർശനൻ പിള്ളയുടെ പുരയിടത്തിലെ കുളിമുറിയിൽനിന്നു കിട്ടിയ ഒരു സോപ്പിന്റെ കവർ പോലീസ് നിധിപോലെ സൂക്ഷിച്ചു.
ഗർഭിണികളുടെ ലിസ്റ്റ്
ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും കുടുംബശ്രീ പ്രവർത്തകരെയും ഒക്കെ ഈ കുഞ്ഞിനെ ഉപേക്ഷിച്ച വരെ കണ്ടെത്താൻ പോലീസ് വിനിയോഗിച്ചു.
ആ നാട്ടിൽ ഗർഭിണികളായുണ്ടായിരുന്ന മുഴുവൻ പേരുടെയും ലിസ്റ്റ് ശേഖരിച്ചു. എന്നാൽ, ആർക്കും ആ നാട്ടിലോ പരിസര പ്രദേശങ്ങളിലോ സംശയാസ്പദമായ ഗർഭിണികളെ കണ്ടെത്താനായില്ല.
ഇതോടെ പോലീസ് മെഡിക്കൽ പരിശോധനകളിലേക്കു കടന്നു. പരിസരവാസികളായ സ്ത്രീകളെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്.
എന്നാൽ, പരിശോധനയ്ക്കു വിധേയരാക്കിയവരിലാരും അടുത്ത ദിവസങ്ങളിൽ പ്രസവിച്ചതായി കണ്ടെത്താനായില്ല.
പോലീസ് സ്ത്രീകളെ പരിശോധനയ്ക്കു വിധേയരാക്കിയത് കുഞ്ഞിനെ കിട്ടി മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തിയാൽ മാത്രമേ ഈ പരിശോധന വിജയകരമാകൂ എന്നതായിരുന്നു യാഥാർഥ്യം.
ഇരുട്ടിൽത്തപ്പി
അന്വേഷണം എങ്ങുമെത്താതായതോടെ നാട്ടിലാകെ പുകിലായി. പോലീസിനെതിരേ പ്രതിഷേധം ശക്തമായി. ഇതോടെ പോലീസ് അറ്റകൈ പ്രയോഗത്തിനൊരുങ്ങി.
കോടതിയുടെ അനുമതിയോടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. സംശയമുള്ള എട്ടു പേരെ ഇതിനു വിധേയരാക്കി.
കുഞ്ഞിനെ കണ്ടെത്തിയ പുരയിടത്തിലെ താമസക്കാരി എന്ന നിലയിൽ തന്നെയും ഡിഎൻഎ ടെസ്റ്റിനു വിധേയയാക്കണമെന്നു കേസന്വേഷണത്തിൽ പോലീസിനൊപ്പം സഹകരിച്ച രേഷ്മയും ആവശ്യപ്പെട്ടു.
പോലീസ് അവരെയും അവരു ടെ ഭർത്താവ് വിഷ്ണുവിനെയും ഉൾപ്പെടെ ഡിഎൻഎ പരിശോധനയ്ക്കു വിധേയരാക്കി. പോലീസ് അന്വേഷണം നീണ്ടു പോയി. വിഷ്ണു ഫെബ്രുവരിയിൽ തൊഴിൽ തേടി ഗൾഫിലേക്കു പോയി.
2021 ജൂൺ 22
പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഡിഎൻഎ പരിശോധനയുടെ ഫലം എത്തിയതോടെ ഇൻസ്പെക്ടർ ടി.സതികുമാറും സഹപ്രവർത്തകരും ആശ്വാസത്തിന്റെ ദീർഘനിശ്വാസമുതിർത്തു.
ചാത്തന്നൂർ എ സി പി വൈ.നിസാമുദീൻ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പറന്നെത്തി.ഡിഎൻഎ പരിശോധന ഫലം ഒന്നുകൂടി ഒത്തു നോക്കി.
കുഞ്ഞിനെ കണ്ടെത്തിയ വിഷ്ണുവിന്റെയും ഭാര്യ രേഷ്മയുടെയും അവരുടെ കുളിമുറിയിൽ നിന്നും പോലീസ് കണ്ടെത്തി നിധിപോലെ സൂക്ഷിച്ച സോപ്പിന്റെ കവറിലെ രക്തക്കറയുടെയും കണ്ടെത്തിയ കുഞ്ഞിന്റെയും സാമ്പിൾ തമ്മിൽ പൊരുത്തം.
പിന്നെ ഒട്ടും വൈകിയില്ല. പോലീസ് ജീപ്പുകൾ ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് മുന്നിലൂടെ പാഞ്ഞു. വീട്ടിലില്ലാതിരുന്ന സുദർശനൻ പിള്ളയെ വിളിച്ചുവരുത്തി.
കാമുകൻ വെളിച്ചത്തേക്ക്
പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും ഒടുവിൽ രേഷ്മ സത്യം പറഞ്ഞു. താനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതു കേട്ടതും വീട്ടുകാരും നാട്ടുകാരും ഞെട്ടി.
കാരണം രേഷ്മ ഗർഭിണിയാണെന്ന വിവരം അവർ ആരും അറിഞ്ഞിരുന്നില്ലത്രേ. ഇതോടെ രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു.
നിൽക്കക്കള്ളിയില്ലാതെ രഹസ്യങ്ങളുടെ ഭണ്ഡാരം അവൾ പോലീസിനു മുന്നിൽ തുറന്നു. തനിക്ക് ഒരു കാമുകനുണ്ട്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, അതിലൂടെ ചാറ്റ് ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകൻ. അദ്ദേഹത്തോടെപ്പം ജീവിക്കാനാണ് പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പറഞ്ഞു.
പത്തു മാസത്തോളം ഗർഭം എങ്ങനെ ഒളിപ്പിച്ചു, അതും ഭർത്താവ് പോലും അറിയാതെ!. വീട്ടിലെ മറ്റംഗങ്ങൾ അറിയാതെ എങ്ങനെ കഴിഞ്ഞു?
ആരുമറിയാതെ എങ്ങനെ ജൂൺ നാലിനു രാത്രി വീട്ടിനു പുറത്തെ കുളിമുറിയിൽ എത്തി പ്രസവിച്ചു. കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചു. എല്ലാം ഒറ്റയ്ക്ക് .. ആരുമറിയാതെ… ആ കഥകളിലേക്ക്.
(തുടരും)