കേവലമൊരു നോട്ടം കൊണ്ട് ഏതു മദം പൊട്ടിയ കൊമ്പനെയും നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്ന അരിങ്ങോടര് വടക്കന്‍പാട്ടിലെ ഒരു വീരനായകനാണ്.ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഒരു വിഡിയോ ദൃശ്യം കണ്ടാല്‍ അതിലുള്ള ഗൈഡ് അരിങ്ങോടരുടെ പുനര്ജന്മമാണോയെന്നു തോന്നിപ്പോകും.കാരണം ചവിട്ടി മെതിക്കാന്‍ വരുന്ന കാട്ടാനയെ നോട്ടം കൊണ്ടും കയ്യിലിരിക്കുന്ന വടിയുപയോഗിച്ച് ആഗ്യം കാട്ടിയും അനുസരിപ്പിക്കുന്ന അലന് മാക്സ്മിത്ത് എന്ന ഗൈഡിനെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുക.
തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുകയാണ് അലന് ചെയ്യുന്നത്. പിന്നീടും ആന കുതിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ വടി ഉയര്‍ത്തി ആനയെ അലന് തടയുന്നതു കാണാം. ഒടുവില്‍ വടി കൊണ്ടുതന്നെ ആഗ്യം കാട്ടി കാട്ടാനയെ തിരികെ അയക്കുകയും ചെയ്തു.
അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട ആഫ്രിക്കയിലെ മറ്റു ഗൈഡുകളെല്ലാം വ്യക്തമാക്കി. ശാന്തതയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ആനയെ നിയന്ത്രിക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് അലന് പറയുന്നത്.
ആനകളെ മാത്രമല്ല ഏതൊരു വന്യജീവിയേയും ശാന്തതയോടെ നേരിട്ടാല്‍ അത് അവയ്ക്കും നമുക്കും അപകടം പറ്റാതിരിക്കാന്‍ സഹായിക്കുമെന്ന് അലന് വ്യക്തമാക്കി. ഏറെനാളത്തെ പരിശീലനത്തിനു ശേഷമാണ് താന്‍ ഈ കഴിവ് ആര്ജ്ജിച്ചെടുത്തതെന്ന് അലന് പറയുന്നു.
ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും മനസാന്നിധ്യവും ആത്മധൈര്യവും മാത്രമാണ് ഇതിനായി വേണ്ടതെന്നും അലന് പറയുന്ന. അതേസമയം കൃത്യമായ പരിശീലനവും തയ്യാറെടുപ്പുമില്ലാതെ ഇതു പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്ന മുന്നറിയിപ്പും അലന് നല്‍കുന്നുണ്ട്.