എറണാകുളം: കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ. 25 പോലീസുകാർ മതിയെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
ഇതിനായി സംഘാടകർ പണവും അടച്ചിരുന്നു. 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുമെന്ന് സംഘാടകർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
അതേസമയം പരിപാടിക്കെത്തിയ നർത്തകർക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് നൽകിയിരുന്നു. മൃതംഗനാദം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്.
ടിക്കറ്റിന്റെ 50 ശതമാനമാണ് ഇളവ് നൽകിയത്. പൂർണ സൗജന്യ യാത്ര ആയിരുന്നു ആവശ്യപ്പെട്ടത്.
സാമ്പത്തിക ഇടപാടിലും അന്വേഷണം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടന്ന മൃദംഗനാദം നൃത്തപരിപാടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചു.
ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ച മൃദംഗ വിഷന്‍ എങ്ങനെയാണ് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുക? എന്തു മാനദണ്ഡ പ്രകാരമാണ് കുട്ടികളില്‍നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷന് ഫീസായി വാങ്ങിയത് എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.
പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നീക്കം. പരിപാടിയില്‍ പങ്കെടുത്ത നൃത്താധ്യാപകരില്നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പരിപാടിയുടെ സംഘാടകര്‍ നൃത്താധ്യാപകര് വഴി നര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്നവര്‍ക്ക് സ്വര്‍ണനാണയം അടക്കം സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം.