അജയ് കുമാർ എന്ന നടനെക്കുറിച്ച് അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാകില്ല. 1986ൽ അന്പിളി അമ്മാവൻ എന്ന സിനിമയിൽ പക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അരങ്ങേറ്റം.
അങ്ങനെ പക്രു എന്ന പേര് അജയകുമാറിനു ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിൽ ഗജേന്ദ്ര രാജകുമാരൻ എന്ന കഥാപാത്രമായി ലീഡ് റോളിൽ അഭിനയിച്ചു ഗിന്നസ് ബുക്കിലും ഇടംപിടിച്ചു.
നായകറോളിൽ അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞയാൾ (76 സെന്റിമീറ്റർ) എന്ന നിലയിലായിരുന്നു ഗിന്നസ് റിക്കാർഡ്. അങ്ങനെ ഗിന്നസ് പക്രുവുമായി.
കുട്ടീം കോലും ചിത്രത്തിലൂടെ സംവിധായകന്റെയും ഫാൻസിഡ്രസ് സിനിമയിലൂടെ നിർമാതാവിന്റെയും കുപ്പായവുമണിഞ്ഞു. എന്നാൽ അതൊന്നുമല്ല രണ്ടാമതൊരു മകൾ കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് പക്രുവും കുടുംബവും.
പുതിയ അതിഥി
രണ്ടാമത്തെ മകൾ ജനിച്ചിട്ട് രണ്ടു മാസം ആകുന്നതേയുള്ളു. 2006ൽ ആയിരുന്നു വിവാഹം. 2009ൽ മൂത്ത മകൾ ദീപ്ത ജനിച്ചപ്പോഴുള്ള അന്നത്തെ സന്തോഷമാണിപ്പോൾ വീട്ടിൽ. കുഞ്ഞിന്റെ കാര്യത്തിൽ തിരക്കുകളിലാണിപ്പോൾ ഭാര്യ ഗായത്രിയും മൂത്ത മകളും.
മൂത്ത മകൾക്ക് ഈ അവധിക്കാലത്തു കിട്ടിയ വലിയ സമ്മാനമാണ് കുഞ്ഞനുജത്തി. ഇരുവരും തമ്മിൽ പതിനാലു വയസിന്റെ വ്യത്യാസമുണ്ട്. എല്ലാ വെക്കേഷനിലും വീട്ടുകാർ എല്ലാവരും കൂടി യാത്ര നടത്തുന്ന പതിവുണ്ടായിരുന്നു. ഇത്തവണ മകളുടെ ജനനത്തോടെ അതെല്ലാം മാറ്റിവച്ചു.
മൂത്ത മകള്‍ക്ക് ഈ അവധിക്കാലത്തു കിട്ടിയ വലിയൊരു സമ്മാനമാണ് ഇളയ കുഞ്ഞെന്നു പറയാം. അവള് വലിയ സന്തോഷത്തിലാണ്. രണ്ടു പേരും തമ്മില്‍ 14 വയസിന്റെ വ്യത്യാസമുണ്ട്.
രാത്രിയൊക്കെ ഉണര്‍ന്നിരുന്ന് അമ്മയ്ക്കൊപ്പം കുഞ്ഞിന്റെ കാര്യങ്ങളൊക്കെ അവളും നോക്കുന്നു. എല്ലാ വെക്കേഷനിലും ഞങ്ങള്‍ എല്ലാവരും കൂടി യാത്രയൊക്കെ നടത്തുന്ന പതിവുണ്ടായിരുന്നു. ഇത്തവണ മകളുടെ വരവോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞുമകളിലാണ്.
പ്രഭുദേവയ്ക്കൊപ്പം
പ്രഭുദേവയ്ക്കൊപ്പം വേഷമിട്ട ബഗീരയാണ് ഒടുവിൽ അഭിനയിച്ച സിനിമ. ബഗീരയിൽ പ്രഭുദേവയ്ക്കൊപ്പം കുട്ടിക്കാലത്തും മുതിർന്നശേഷവും രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്.
പ്രഭുദേവയുടെ കുട്ടിക്കാലത്തെ കൂട്ടുകാരന്റെ ക്യാരക്ടറാണ് ഒന്ന്. സിനിമയുടെ സെക്കൻഡ് ഹാഫിലാണ് മുതിർന്ന ശേഷമുള്ള ഞാൻ ചെയ്ത കഥാപാത്രം കൂടുതലായും വരുന്നത്.
തമിഴ് സിനിമകളിൽ സാധാരണയായി മൂന്നുനാലു ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ പിന്നെ രണ്ടാഴ്ചവരെ കഴിഞ്ഞാണ് അടുത്ത ഷൂട്ട് വരുന്നത്. അതുകൊണ്ടു തന്നെ ഒരു വർഷത്തോളം പലപ്പോഴായി ഈ സിനിമയുടെ ചിത്രീകരണമുണ്ടായിരുന്നു.
അടുത്ത സിനിമയും തമിഴ് തന്നെയാണ്. പേര് മേധാവി. പി.എ. വിജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ അർജുനും ജീവയുമാണ് പ്രധാന കഥാപാത്രങ്ങൾ.
അതിൽ ഊട്ടിയിലെ ഒരു ഗൈഡിന്റെ വേഷമാണ് എനിക്ക്. കൂടാതെ എയ്ഞ്ചൽ ഗാർഡിയൻ എന്നൊരു സിനിമയിൽ അതിഥിതാരമായും എത്തുന്നുണ്ട്.
നവാഗതനായ സിജു സംവിധാനം ചെയ്യുന്ന സിനിമയാണത്. ഞാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മറ്റൊരു സിനിമ ഈ മാസം അവസാനം അനൗണ്‍സ് ചെയ്യും.
തുടക്കം കാഥികനായി
മിമിക്രിയിലൂടെയല്ല കഥാപ്രസംഗത്തിലൂടെയായിരുന്നു എന്റെ തുടക്കം. കോളജിൽ പഠിക്കുന്ന കാലത്താണ് മിമിക്രിയിലേക്കു വരുന്നത്. നാലാം ക്ലാസിൽ പഠിക്കുന്പോൾ കഥാപ്രസംഗം പറഞ്ഞു തുടങ്ങി.
ആറാം ക്ലാസൊക്കെ ആയപ്പോൾ പ്രഫഷണലായി. കെടാമംഗലം സദാനന്ദൻ മാഷായിരുന്നു ഗുരു. വേളൂർ കൃഷ്ണൻകുട്ടി കഥയും തിരക്കഥയുമെഴുതി കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത അന്പിളി അമ്മാവൻ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
മക്കളെ ഒരിക്കലും കലാരംഗത്തേക്കു നിർബന്ധിച്ചു കൊണ്ടുവരില്ല. അവരുടെ അഭിരുചി എന്താണെന്നു തിരിച്ചറിഞ്ഞ് അവർക്കു പ്രോത്സാഹനം നൽകാനാണ് ഉദ്ദേശിക്കുന്നത്.
അതു പാട്ടാണെങ്കിലും ഡാൻസാണെങ്കിലും അങ്ങനെതന്നെ. ക്ലാസിൽ ഒന്നാമനാകണം, റാങ്ക് കിട്ടണം എന്നൊന്നുമില്ല. മൂത്ത മകൾക്ക് പൂച്ചെടികൾ വളർത്തുന്നതിനോടും പാചകത്തോടുമൊക്കെ ഇഷ്ടമാണ്. അതൊക്കെ ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.
കല മാത്രമായിരിക്കണം ലഹരി
ഈ അടുത്ത കാലത്താണല്ലോ ചില സിനിമാനടൻമാരുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. അതേക്കുറിച്ച് നേരിട്ട് അറിവില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല.
കലാകാരൻമാർക്ക് കല മാത്രമായിരിക്കണം ലഹരി. സിനിമാരംഗത്ത് മാത്രമാണ് ലഹരി ഉപയോഗം എന്നു ഞാൻ വിശ്വസിക്കുന്നില്ല.സ്കൂളിൽ പോകുന്ന കുട്ടിക്കുപോലും ലഹരിമരുന്നു സുലഭമായി കിട്ടുന്ന കാലത്താണ് നമ്മൾ നിൽക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ 25,000 കോടിയുടെ ലഹരി മരുന്ന് കൊച്ചിയിൽ പിടിച്ചു. ഇതു പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ എത്രവലിയ ഭവിഷ്യത്തായിക്കും സംഭവിക്കുക എന്ന് ഓർത്തുനോക്കുക.