മുംബൈ: നാനൂറിലേറെ ആണ്‍കുട്ടികൾ പങ്കെടുത്ത അലക്കുപാഠം ഒരുക്കിയ ഏരിയലിനു ഗിന്നസ് റിക്കാർഡ്. സണ്‍സ് ഷെയർ ദ ലോഡ് എന്ന സംരംഭത്തിനാണ് അവാർഡ്. അലക്കു ജോലി സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും മാത്രം ഉള്ളതല്ലെന്നും അലക്കുഭാരം ആണ്‍കുട്ടികൾക്കുകൂടി വീതിക്കണമെന്നുമുള്ള ആശയത്തോടെയാണു പി ആൻഡ് ജിയുടെ പ്രധാന ബ്രാൻഡായ ഏരിയൽ ഈ പ്രകടനം കാഴ്ചവച്ചത്. അലക്കുപാഠത്തിനു ചലച്ചിത്രതാരം അനിൽ കപൂർ നേതൃത്വം നല്കി.
ഏരിയലിന്റെ ഷെയർ ദി ലോഡ് പദ്ധതിയുടെ മൂന്നാംപതിപ്പാണു സണ്‍സ് ഷെയർ ദ ലോഡ്. പത്രലേഖ, ജ്വാല ഗുട്ട, രവി ദൂബേ, സർഗണ് മേത്ത, നേഹ ദൂപിയ, അങ്കഡ് ബേഡി, ഫേയ്സ് ബുക്ക് സിഒഒ ഷെരിൽ സാൻഡ് ബെർഗ് തുടങ്ങിയവർ പ്രൊജക്ടിന്റെ പങ്കാളികളായി. വേൾപൂളും, ബിഗ് ബസാറും മെട്രോ കാഷ് ആൻഡ് കാരി തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇതിൽ പങ്കെടുത്തു.
കൂടുതൽ പുരുഷന്മാർ വീട്ടിലെ അലക്കുജോലിയിൽ അമ്മമാരെയും ഭാര്യമാരെയും സഹായിക്കാൻ രംഗത്തുവന്നിട്ടുണ്ടെന്ന് അനിൽ കപൂർ പറഞ്ഞു. സ്ത്രീകളുടെ ജോലിഭാരം കുറയുക മാത്രമല്ല, വീടുകളിലെ വിവേചനം അവസാനിക്കുകയും ചെയ്തിട്ടുണ്ട്.