ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമിച്ച് അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിയായ സെബിൻ സജി ഗിന്നസ് വേൾഡ് റിക്കാര്‍ഡിലേക്ക്.
ഇന്നലെ രാവിലെ അമൽജ്യോതി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ 30 മിനിട്ടുകൊണ്ടാണ് 25.2 ഗ്രാം മാത്രം ഭാരവും 33.6 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയും 38.7 മില്ലിമീറ്റർ ഘനവുമുള്ള വാഷിംഗ് മെഷീൻ നിർമിച്ചത്. നിലവിലെ ആന്ധ്ര സ്വദേശിയുടെ 37 x 41 x 43 മില്ലി മീറ്റർ അളവാണ് സെബിൻ മറികടന്നത്.
ഗിന്നസ് അധികൃതർ പറഞ്ഞിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചാണ് ഈ ഉദ്യമം നിർവഹിച്ചത്. വിദഗ്ധ സമിതി അംഗങ്ങളായ കാഞ്ഞിരപ്പള്ളി സിഐ എം.എസ്. ഫൈസൽ, ഡോ. ഗീവർഗീസ് ടൈറ്റസ്, ഡോ. റാണി ചാക്കോ, ഡോ.കെ.ജി. സതീഷ്കുമാർ എന്നിവരുടെ സാക്ഷ്യപത്രത്തോടെ എല്ലാ രേഖകളും ഗിന്നസ് അധികാരികൾക്ക് ഉടൻ അയയ്ക്കും.
സെബിന് പൂർണ പിന്തുണയുമായി മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ- അഡ്മിനിസ്ട്രേഷൻ റവ.ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ, ഡയറക്ടർ- റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ ഡോ. സെഡ്. വി. ലാക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, രജിസ്ട്രാർ പ്രഫ. ടോമി ജോസഫ്, ഡീൻ ഡോ. മിനി മാത്യു, ഗിന്നസ് അബീഷ് പി. ഡൊമിനിക് എന്നിവർ സന്നിഹിതരായി.