ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ വസ്തുക്കളെക്കുറിച്ചു കേട്ടാലെ ആളുകൾക്കു കൗതുകമാണ്. ഈ കൗതുകം മൂലം പുലിവാലു പിടിച്ചിരിക്കുകയാണ് റാണിയെന്ന കുഞ്ഞൻ പശു.
വെറും ഇരുപത് ഇഞ്ചാണ് ഇതിന്റെ ഉയരം. നീളമാകട്ടെ 26 ഇഞ്ചും. ഇവളാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും കുഞ്ഞൻ പശു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് ഈ അദ്ഭുത പശുവിന്റെ സ്വദേശം.
ലോക്ക്ഡൗണ് നിയമങ്ങൾ പോലും ലംഘിച്ചുകൊണ്ടു പതിനായിരക്കണക്കിന് ആളുകളാണ് ഇവളെ കാണാനായി എത്തുന്നത്. ഭൂട്ടാനീസ് ഇനത്തിൽപ്പെട്ടതാണ് റാണി.
മാണിക്യം ഇനി രണ്ടാമത്
കേരളത്തിൽനിന്നുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട മാണിക്യം എന്ന പശുവിനാണ് നിലവിൽ ലോകത്തിലെ ഏറ്റവും കുഞ്ഞൻ പശുവെന്ന റിക്കാർഡുള്ളത്. അവളുടെ ഉയരം 24 ഇഞ്ചാണ്.
അതാണ് റാണി മറികടന്നിരിക്കുന്നത്. മാണിക്യത്തെ കാണാൻ സിനിമാതാരം ഗിന്നസ് പക്രു എത്തിയതു വലിയ വാർത്തയായിരുന്നു. അമേരിക്കയിലെ സാൻഫോർഡിൽനിന്നുള്ള സിബു പശുവിനെ മറികടന്നായിരുന്നു മാണിക്യം ഗിന്നസിൽ കയറിയത്.
ഗിന്നസ് റിക്കാർഡുമായി ബന്ധപ്പെട്ട തീരുമാനം 90 ദിവസത്തിനുള്ളിൽ അറിയിക്കാമെന്നാണ് അധികൃതർ റാണിയുടെ ഉടമസ്ഥരോടു പറഞ്ഞിരിക്കുന്നത്. അതോടെ റിക്കാർഡ് റാണിയുടെ പേരിലാകും.
ഫാൻസുകാരെ മടുത്തു!
റാണിയുടെ കാര്യം പുറം ലോകം അറിഞ്ഞതു മുതൽ കാഴ്ചക്കാരെക്കൊണ്ടും സെൽഫി എടുക്കാൻ എത്തുന്നവരെക്കൊണ്ടും മടുത്തുവെന്നാണ് റാണിയുടെ ഉടമ എം.എ. ഹസൻ ഹൗലാഡർ പറയുന്നത്. സത്യം പറഞ്ഞാൽ, തങ്ങൾ ക്ഷീണിതരാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രാദേശിക പത്രങ്ങളും ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നു കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം 15,000 ൽ ഏറെ ആളുകൾ റാണിയെ കാണാൻ വന്നതായാണ് ഹൗലാഡർ പറയുന്നത്.
റാണിയുടെ അവസ്ഥ ജനിതകപ്രജനനത്തിനു താഴെയാണെന്നും അതു വലുതായി വളരുകയില്ലെന്നും റീജണൽ ചീഫ് വെറ്റ് സജേദുൽ ഇസ്ലാം പറഞ്ഞു.