ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെങ്കിലും ഈസി വാക്കോവര്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വെല്ലുവിളികള്‍ ബിജെപി നേരിട്ടു.
മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റിയാണ് ശക്തമായ ഭരണവിരുദ്ധ വികാരത്തെ ബിജെപി നേരിട്ടത്. അതോടൊപ്പം വലിയ മത്സരമുണ്ടാകുമെന്ന പ്രതീതി ആം ആദ്മി പാര്‍ട്ടിയും സൃഷ്ടിച്ചു.
ഒന്നാംഘട്ട വോട്ടെടുപ്പിലെ കുറഞ്ഞ പോളിങ് ബിജെപിക്കെതിരെയുള്ള ജനവിരുദ്ധ വികാരണമാണെന്ന് സംശയമുണര്‍ത്തി.
അഹമ്മദാബാദ് നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്ത 60 ലക്ഷം വോട്ടർമാരിൽ 25 ലക്ഷം പേരും ഇത്തവണ വോട്ടവകാശം വിനിയോഗിച്ചില്ല.
ആദ്യ ഘട്ടത്തില്‍ 89 സീറ്റുകളിൽ 63.14% ആയിരുന്നു പോളിങ്. ഗ്രാമീണ മേഖലയിലും ഇക്കുറി പോളിങ് താഴ്ന്നു.
2017ല്‍ 66.69 ശതമാനവുമായിരുന്നു ഗ്രാമീണ മേഖലയിലെ പോളിങ് എങ്കില്‍ ഇത്തവണ 59.05% ആയി കുറഞ്ഞു.
പ്രചാരണത്തില്‍ വലിയ സാന്നിധ്യമായിരുന്നു എഎപി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു. പഞ്ചാബിലെ അട്ടിമറി വിജയമായിരുന്നു ഗുജറാത്തിലും എഎപിയുടെ ഇന്ധനം.
പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഗുജറാത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയതിനെ തുടര്‍ന്നാണ് 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്.
പകരം ഭൂപേന്ദ്ര പട്ടേല്‍ എന്ന രണ്ടാം നിര നേതാവിനെ മുഖ്യമന്ത്രിയാക്കി ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ ശ്രമിച്ചു. ഒക്ടോബര്‍ 30ന് നടന്ന മോര്‍ബി തൂക്കുപാല ദുരന്തവും ബിജെപിയെ പ്രതിസന്ധിയിലാക്കി.
ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് പ്രതികൂലമാകുമെന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം ഏറ്റെടുക്കുന്നത്.
ബിജെപി സംഘടിപ്പിച്ച സംസ്ഥാന യാത്രയില്‍ മോദിയടക്കം ദേശീയനേതാക്കള്‍ പങ്കെടുത്തു. അഹമ്മദാബാദിലെ എല്ലാ മണ്ഡലത്തിലും രണ്ടുതവണയാണ് മോദി റോഡ് ഷോ നടത്തിയത്.
തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലും നരേന്ദ്ര മോദി സന്ദര്‍ശനത്തിനെത്തി ജനമനസ്സ് തനിക്ക് അനുകൂലമാക്കി. വോട്ടെടുപ്പ് ദിവസം പതിവുപോലെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോദി വോട്ട് ചെയ്യാനെത്തിയത്.
ബിജെപിയുടെ രാഷ്ട്രീയ ആശയമായ ഹിന്ദുത്വയെ കൈവിടാതെ, വികസനമെന്ന് ആവര്‍ത്തിച്ചാണ് മോദി പ്രചാരണം നടത്തിയത്. അതോടൊപ്പം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
2017ല്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ 99 സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ എക്സിറ്റ് പോളുകളെപ്പോലും ഞെട്ടിച്ച വിജയമാണ് നേടിയത്. 156 സീറ്റില്‍ ബിജെപി മുന്നേറിയപ്പോള്‍ വോട്ട് ഷെയറിലും വര്‍ധനവുണ്ടായി.
മോദി മാജിക്കിനൊപ്പം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വവും ബിജെപിക്ക് തുണയായി. ഭരണ വിരുദ്ധ വികാരമടക്കം ഒന്നും രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല.
നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റവും സംസ്ഥാന രാഷ്ട്രീയത്തിലെ ആഭ്യന്തര തര്‍ക്കവും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി.
ദേശീയനേതൃത്വം ഗുജറാത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. എല്ലാം സംസ്ഥാന നേതൃത്വത്തെ ഏല്‍പ്പിച്ച് രാഹുലും സോണിയയും പ്രിയങ്കയും ഉത്തരവാദിത്തമൊഴിഞ്ഞപ്പോള് മോദിയും അമിത് ഷായും അരവിന്ദ് കെജ്രിവാളും ഗുജറാത്തില്‍ അങ്ങോളമിങ്ങോളം പര്യടനം നടത്തുകയായിരുന്നു.
അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ 77 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 16 സീറ്റ് മാത്രം നേടിയത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ എഎപിയുണ്ടാക്കിയ വിള്ളലാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.