മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ല! ഗുജറാത്തില്‍ എന്‍ജിനീറിംഗ് ബിരുദധാരികളായ യുവാക്കള്‍ക്ക് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ചു; സംഭവിച്ചതിങ്ങനെ

രാജ്യം ഭരിയ്ക്കാനായി ബിജെപി സര്‍ക്കാര്‍ കാലെടുത്തു വച്ചപ്പോഴേ ജനങ്ങള്‍ മുന്നില്‍കണ്ടതാണ് വര്‍ഗീയതയുടെ പേരില്‍ നടക്കാനിരിക്കുന്ന കളികള്‍ എന്തൊക്കെയായിരിക്കുമെന്നത്. ഇപ്പോഴിതാ ഒന്നിനുപുറകേ ഒന്നായി അതിനുള്ള ഉദാഹരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ഡല്‍ഹി സ്വദേശികളായ മുദ്ദസിര്‍ ഹസ്സനും അബു നുമാനുമാണ് മുസ്ലീം മതാംഗങ്ങള്‍ എന്നുള്ളത് ജോലിയ്ക്കുള്ള അയോഗ്യതയായത്. ഇരുവരും ജാമിയ മില്ലിയ്യ ഇസ്ലമിയ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.

നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെഡിവിഎല്‍ എന്ന സ്ഥാപനമാണ് അഭിമുഖത്തിന് പോലും അനുവദിക്കാതെ യുവാക്കളെ തള്ളിക്കളഞ്ഞത്. പ്രധാനമന്ത്രിയുടെ ജന്മദേശമായ ഗുജറാത്ത് ആസ്ഥാനമായുള്ള എംബിഎല്‍ താപ-ജല വൈദ്യുത കമ്പനിയ്ക്ക് വേണ്ടിയായിരുന്നു ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നത്. ജൂലൈ 26ന് ഇരുവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഏജന്‍സിയിലെത്തി. എന്നാല്‍ മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. റിക്രൂട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം നേരിട്ട് പറഞ്ഞെന്ന് അബു നുമാന്‍ പറയുന്നു. ഗുജറാത്തിലുള്ള കമ്പനിയുടെ താത്പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്‍സിയുടെ വക്താവായ ശുഭ്ര പറയുന്നു.

എന്നാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമില്ലെന്നും യുവാക്കള്‍ പറഞ്ഞു. എന്തുകൊണ്ടാണെന്ന് തങ്ങളെ പരിഗണിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടെന്ന വിശദീകരണമാണ് നല്‍കിയതെന്ന് മുദ്ദസിര്‍ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും ഡല്‍ഹി സ്വദേശികളാണ്. സംഭവത്തിന് മതവുമായി ബന്ധമില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ഗുജറാത്തിലുള്ള എന്‍ടിപിസി സ്ഥാപനത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിയമനം നടത്തുന്നത്. അവരെ ഗുജറാത്തിലേക്ക് അയച്ചാല്‍ കമ്പനിയ്ക്ക് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.

 

Related posts