ബിജെപി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയ്ക്ക് പുതിയ തെളിവ് ചൂണ്ടിക്കാട്ടി വിവാദം കനക്കുന്നു. ഗുജറാത്ത് മന്ത്രിസഭയിലെ ദളിത് മന്ത്രി ഈശ്വര്‍ പര്‍മാറിന് മറ്റുള്ള മന്ത്രിമാരില്‍ നിന്നും അകന്ന് ഓഫീസ് അനുവദിച്ചതാണ് വിവാദത്തിലേയ്ക്ക് നീങ്ങുന്നത്. മറ്റ് മന്ത്രിമാര്‍ക്കെല്ലാം മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഗാന്ധി നഗറിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വര്‍ണിം സങ്കുല്‍-1ലാണ് ഓഫീസുകള്‍ അനുവദിച്ചത്. എന്നാല്‍ പര്‍മാറിന് മാത്രം സ്വര്‍ണം സങ്കുല്‍ -2 ലാണ് ഓഫീസ് ലഭിച്ചത്.
ക്യാബിനറ്റ് റാങ്കുകാര്‍ക്ക് ഒന്നിലും സഹമന്ത്രിമാര്‍ക്ക് രണ്ടിലും മുറികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ ദളിത് സമുദായക്കാരനായ പര്‍മാറിന് മാത്രം മറ്റൊരു മുറി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും അയിത്താചരണത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പത്തു ദിവസത്തിനകം പര്‍മാറിനും മുഖ്യ കെട്ടിടത്തില്‍ മുറി നല്‍കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് വിവാദത്തിന് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.