മോക്ഷമാര്ഗം തേടി ഗുജറാത്തിലെ ജൈനദമ്പതികൾ 200 കോടിയോളം രൂപയുടെ സ്വത്തുക്കള് ദാനം ചെയ്തു. അവശേഷിച്ച കാലം സന്യാസത്തിലൂടെ കഴിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെയാണു നിർമാണമേഖലയിലെ പ്രമുഖനായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും സ്വത്തുക്കള് കൈയൊഴിഞ്ഞത്.
19 കാരിയായ മകളും 16 കാരനായ മകനും സന്യാസം തെരഞ്ഞെടുത്തതോടെയാണ് ആത്മീയജീവിതത്തിലേക്ക് തിരിയാൻ ദന്പതികൾ തീരുമാനിച്ചതെന്ന് ജൈനസമുദായത്തിലുള്ളവർ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും മുഴുവൻ സ്വത്തും ദാനം ചെയ്തത്. പരിത്യജിക്കൽ ചടങ്ങിന്റെ ഭാഗമായി 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയ ദന്പതികൾ യാത്രയിലുടനീളം തങ്ങളുടെ മൊബൈൽഫോണുകളും എയർകണ്ടീഷണറുകളുമുൾപ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്യുകയായിരുന്നു.
അടുത്ത തിങ്കളാഴ്ച ഇരുവരും ഔദ്യോഗികമായി ജൈന സന്ന്യാസിമാരാകും. 2022ലാണു ദന്പതികളുടെ മക്കൾ സന്യാസം സ്വീകരിച്ചത്. ഇതിനു പിന്നാലെ മാതാപിതാക്കളും കുടുംബപരമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൈനസന്യാസിമാരായി മാറുന്നതോടെ നഗ്നപാദരായി കാൽനടയാത്ര ചെയ്ത് ഭിക്ഷയാചിച്ചായിരിക്കും ഇരുവരുടെയും ശിഷ്ട ജീവിതം.
വെളുത്തനിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും മാത്രമായിരിക്കും ആകെയുള്ള സ്വത്ത്. എവിടെയെങ്കിലും ഇരിക്കുന്നതിനുമുന്പ് ആ ഭാഗത്തെ ചെറുപ്രാണികളെ അകറ്റുന്നതിനായി ജൈനസന്ന്യാസിമാർ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള രജോഹരൻകൂടി ഇവർക്കു നൽകും.