അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗാന്ധിനഗർ, അഹമ്മദാബാദ് ഉൾപ്പെടെ മധ്യഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.
93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 833 സ്ഥാനാര്‍ത്ഥികൾ മത്സരരംഗത്തുണ്ട്. രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും.
മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ് നിഷാൻ പബ്ലിക് സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സബർമതി നിയോജകമണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്.
ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കും.