കമാന്‍ഡോകളില്ലാതെ സ്വന്തം മണ്ഡലത്തിലെത്തിയാല്‍ അവിടുത്തെ ജനങ്ങള്‍ താങ്കളെ തുണിയില്ലാതെ ഓടിക്കും! പ്രതിപക്ഷത്തെ വിമര്‍ശിച്ച അമിത് ഷായെ വെല്ലുവിളിച്ച്, ഗുജറാത്ത് സ്വദേശി; വീഡിയോ വൈറല്‍

തള്ളിന്റെ കാര്യത്തില്‍ ബിജെപി നേതാക്കളിലാരും മോശമല്ലെന്ന് അടിയ്ക്കടി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തില്‍ തള്ളുനടത്തിയ ബിജെപി നേതാവ് അമിത് ഷായുടെ വാദത്തെ കണക്കിന് പ്രഹരിച്ച്, ഗുജറാത്ത് സ്വദേശി രംഗത്തെത്തിയിരിക്കുന്നു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് കാരണം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു മുന്നിലാണ് കല്‍പേഷ് ഭാട്ടിയ എന്ന അറുപതുകാരന്‍ വെല്ലിവിളിയുമായെത്തിയത്. കമാന്‍ഡോകള്‍ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായാണ് കല്‍പേഷ് ഭാട്ടിയ എന്ന 60കാരന്‍ സെല്‍ഫി വീഡിയോയിലൂടെ വെല്ലുവിളി നടത്തിയത്.

കല്‍പേഷിന്റെ വീഡിയോ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന അക്കൗണ്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേട്ടു. വിഷയത്തില്‍ ഇടപെട്ട മായാവതി, മുലായം, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടാണല്ലോ താങ്കള്‍ സംസാരിക്കുന്നത്. അമിത് ഷാ, താങ്കളോട് ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, സാധാരണക്കാരന് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലേ? ഞാന്‍ താങ്കളോട് ഒരു വെല്ലുവിളി കൂടി നടത്തുകയാണ്.

താങ്കള്‍ നാരന്‍പുരയിലെ വിജയനഗര്‍ റോഡില്‍ താമസിച്ചിരുന്ന ആളാണ്. ഞാനും അതേ സ്ഥലത്താണ് താമസിക്കുന്നത്. നാരന്‍പുരയില്‍ നിന്നും നവരംഗ് പുരയില്‍ നിന്നുമൊക്കെ വോട്ടുനേടിയാണ് താങ്കള്‍ ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ കമാന്‍ഡോ ഇല്ലാതെ താങ്കള്‍ അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ തന്നെ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്, താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്. താങ്കള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സ്ത്രീകളോടും കൂടിയാണ്.

പാവപ്പെട്ടവരായാലും സാധാരണക്കാര്‍ ആയാലും സ്ത്രീകള്‍ എന്തിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയുമെല്ലാം നോട്ട് എടുത്തുവയ്ക്കുന്നത് എന്ന് താങ്കള്‍ക്കറിയുമോ? തന്റെ കുട്ടികള്‍ക്കും വീട്ടിലുള്ളവര്‍ക്കും അര്‍ധരാത്രിക്ക് അസുഖം വന്നാല്‍ എടുക്കാന്‍ വേണ്ടിയാണ് അവര്‍ അത് സൂക്ഷിക്കുന്നത്. എന്നാല്‍ താങ്കളുടെ മണ്ടത്തരം കാരണം അവരെല്ലാം അവിടെ ക്യൂവില്‍ നില്‍ക്കുകയാണ്. ഇത്രയും വലിയ വിഡ്ഢിത്തം ചെയ്യരുത്. ഇതിനെതിരെ ജനങ്ങള്‍ക്ക് പലതും ചെയ്യാനാകും, അത് ഓര്‍ക്കുന്നത് നന്നാകും. കല്‍പേഷ് ഭാട്ടിയ പറയുന്നു.

Related posts