ഇന്ത്യയിലെത്തുന്ന വിദേശികള്‍ നമ്മുടെ അതിഥികള്‍ ആണെന്നും അവരോടു മാന്യമായി പെരുമാറണമെന്ന് എപ്പോഴും പറയാറുണ്ട്.
ഇത് ധ്വനിപ്പിക്കുന്ന പരസ്യങ്ങളും ഗവണ്മെന്റുകള് ചെയ്യാറുണ്ട്. അതില്‍ അഭിനയിക്കുന്നതാവട്ടെ ഇന്ത്യന്‍ ജനതയില്‍ ഏറെ സ്വാധീനമുള്ള ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള ആളുകളും.
എന്നാല്‍ ഗുജറാത്തിലെ ഹോട്ടലുടമയായ ചിരാഗ് എന്ന യുവാവിന്റെ പ്രവൃത്തി ഈ പരസ്യങ്ങളെ കടത്തിവെട്ടുന്നതാണ്.
ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ഒരു അമേരിക്കന്‍ ദമ്പതികളോട് ചിരാഗ് കാട്ടിയ മാതൃകാപരമായ പെരുമാറ്റവും അവര്‍ അതിനോട് പ്രകടിപ്പിച്ച ആദരവും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ഈ മാസമായിരുന്നു അമേരിക്കയില്‍ നിന്നും സ്റ്റെഫിയും പീറ്റും സ്വന്തം കുട്ടിയേയും കൂട്ടി ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്.
സഞ്ചാരത്തിനിടയില്‍ ഗുജറാത്തില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിയിടയില് ഇവരുടെ പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായി.
നാലു ദിവസം കഴിഞ്ഞപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിരാഗ് എന്ന ഇന്ത്യന്‍ യുവാവില്‍ നിന്നും ഇവര്‍ക്ക് ഒരു സന്ദേശമെത്തി.
പേഴ്സ് തനിക്ക് കിട്ടിയുണ്ടെന്നും തിരികെ വന്ന് വാങ്ങിക്കണമെന്നും ആയിരുന്നു സന്ദേശം. തുടര്‍ന്ന് ഇവര്‍ യുവാവിനെ അന്വേഷിച്ച് ഭുജില്‍ എത്തി.
ഇവിടെ റെസ്റ്റോറന്റ് നടത്തുകയാണ് ചിരാഗ്. യുവാവിനെ കണ്ടയുടനെ ഇവര്‍ നന്ദി അറിയിച്ചു പേഴ്സ് വാങ്ങി. പഴ്സ് തിരിച്ചു നല്‍കിയതിന് നന്ദിയായി യുവാവിന് പ്രത്യുപകാരമായി പണം കൊടുക്കാന്‍ വിദേശ ദമ്പതികള്‍ ശ്രമിച്ചെങ്കിലും ഏറെ നിര്ബ്ബന്ധിച്ചിട്ടുപോലും ചിരാഗ് നോ തന്നെ പറഞ്ഞു. ഒടുവില്‍ ചിരാഗിന് നന്ദി പറഞ്ഞാണ് ദമ്പതികള്‍ മടങ്ങിയത്.
ട്രെയിനില്‍വെച്ച് സ്റ്റെഫിന്റെ പേഴ്സ് ലഭിച്ചത് ചിരാഗിനായിരുന്നു. പേഴ്സിലുള്ള ഐഡി കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും നോക്കി ഇയാള്‍ സ്റ്റെഫിനെ തിരിച്ചറിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ വിവരങ്ങള്‍ കൂടി നല്കി ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശം അയച്ചത്.
പ്രത്യുപകാരം പോലും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ചിരാഗിന്റെ സത്യസന്ധതയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് സ്റ്റെഫ് നന്ദി കാട്ടിയത്.
ഈ അനുഭവം തന്നെ ഏറെ സ്പര്‍ശിച്ചെന്നും കണ്ണു നനയിച്ചെന്നും സ്റ്റെഫ് പറയുന്നു. ഇന്ത്യയെ കുറിച്ച് മോശമായ പലതും കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ മനോഹരമായ രാജ്യമായാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും സ്റ്റെഫും പീറ്റും വീഡിയോയില്‍ പറയുന്നുണ്ട്.