ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ ഗുജറാത്തില്‍ നിന്നും പിടികൂടിയത് 50 കോടി രൂപയുടെ നിരോധിത നോട്ടുകള്‍. ബാറുച്ച് ജില്ലയില്‍നിന്നാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്. ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുള്ള ജില്ലയാണ് ബാറുച്ച്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ബ്യൂറോ (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നു തെരഞ്ഞെടുപ്പ് ദിവസം നിരോധിത നോട്ടുകള്‍ പിടികൂടിയത് ബിജെപിയ്ക്ക് തലവേദനയായിരിക്കുകയാണ്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് നടന്ന 89 മണ്ഡലങ്ങളില്‍ 977 പേരാണ് മത്സരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ ഇ.വി.എം മെഷിനുകള്‍ പ്രവര്‍ത്തന രഹിതമായതും വാര്‍ത്തയായിരുന്നു. അതേസമയം ഇ.വി.എമ്മില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവും പലയിടത്തും നിന്നും ഉയര്‍ന്നിട്ടുണ്ട്. പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായെന്ന പരാതി ഉയര്‍ന്നത്. മാറ്റിവച്ച യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുകയും ചെയ്തു.