നിയാസ് മുസ്തഫ
ഗുജറാത്തിൽ കോൺഗ്രസിന്റെ ‘കൈ’ വിട്ട് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് പോകാതിരിക്കാൻ രാഹുൽ ഗാന്ധി ഇടപെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എംഎൽഎമാർ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയുമായി സഹകരിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം രാഹുൽ ഗാന്ധി ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ടയ്ക്കു നൽകിക്കഴിഞ്ഞു.
കോണ്‍ഗ്രസിന് തിരിച്ചടി നൽകി വനിതാ എംഎൽഎ ആശാ പട്ടേൽ കഴിഞ്ഞ ദിവസം രാജിവച്ചത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൻജ മണ്ഡലത്തിൽ ആശാ പട്ടേൽ അട്ടിമറി വിജയം നേടിയത് ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഴ് തവണ തുടർച്ചയായി വിജയിച്ച ബിജെപിയുടെ മുൻ മന്ത്രി നാരായണ പട്ടേലിനെയാണ് ആശ തോൽപ്പിച്ചത്. ഇപ്പോൾ ആശയുടെ രാജിയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.
മഹേസന ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ഉൻജ. ലോക്സഭാ മണ്ഡലം ബിജെപിയുടെ കയ്യിലാണ്. മഹേസന ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നാലു മണ്ഡലങ്ങളിൽ ബിജെപിയും ഉൻജ ഉൾപ്പെടെ മൂന്നിടത്ത് കോണ്‍ഗ്രസുമായിരുന്നു 2017ൽ വിജയിച്ചത്. കഴിഞ്ഞ വർഷം കോണ്‍ഗ്രസ് എംഎൽഎ കുൻവർജി ബവാലിയ ബിജെപിയിൽ ചേർന്നിരുന്നു. അദ്ദേഹത്തെ ബിജെപി സർക്കാർ മന്ത്രിയാക്കുകയും ചെയ്തു.
ആശയ്ക്കു പിന്നാലെ കൂടുതൽ എംഎൽഎമാർ കോൺഗ്രസ് വിടുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതോടെ ജാഗ്രത പാലിക്കാനും രാഹുൽഗാന്ധി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ട പറഞ്ഞു. ഉൻജ മണ്ഡലത്തിൽ 2017ലെ തോൽവിക്ക് ബിജെപി ചതിയിലൂടെ പകരംവീട്ടുകയാണ്. വെള്ളിയാഴ്ച അഹമ്മദാബാദിൽ വച്ച് നടന്ന കോൺഗ്രസ് യോഗത്തിൽ ആശ പങ്കെടുത്തു.
യോഗത്തിൽവച്ച് യാതൊരു അസംതൃപ്തിയോ വിമർശനമോ ആശ നടത്തിയിട്ടില്ലെന്നും അമിത് ചവ്ട പറഞ്ഞു.അതേസമയം നിരവധി കോൺഗ്രസ് നേതാക്കൾ തങ്ങളോടൊപ്പം വരാൻ റെഡിയായി നിൽക്കുകയാണെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും നിതിൻ പട്ടേൽ വ്യക്തമാക്കിയതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആശങ്കയിലാണ്.
പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽഗാന്ധി ഫെബ്രുവരി പകുതിയോടെ ഗുജറാത്തിലെത്തുമെന്നാണ് പുതിയ വിവരം.