ടെന്‍ഷന്‍ കുറച്ച് വിജയം സുനിശ്ചിതമാക്കും! പരീക്ഷ ജയിക്കാന്‍ പേന; തോറ്റാല്‍ പണം തിരികെ; ഗുജറാത്തിലെ പഞ്ചമഹല്‍ ക്ഷേത്രം പുറത്തിറക്കിയ നോട്ടീസ് വൈറലാവുന്നു

pen

മാര്‍ച്ച് മാസമെന്നാല്‍ പരീക്ഷാ കാലഘട്ടമാണ്. എങ്ങനെ പരീക്ഷ പാസാകാം എന്ന ചിന്തയാണ് കുട്ടികളെ പ്രത്യേകിച്ച്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചിന്ത. ടെന്‍ഷനും പേടിയും വേറെ. കാരണം പത്ത്, പ്ലസ്ടു ക്ലാസുകളിലെ പ്രകടനമനുസരിച്ചാണ് വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. എന്നാല്‍ ഈ ടെന്‍ഷനകറ്റാനുള്ള ഒരു മരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. അവരുടെ പുതിയ കണ്ടുപിടിത്തമായ ഒരു പേനാ സെറ്റ് വിദ്യാര്‍ത്ഥികളുടെ ടെന്‍ഷന്‍ കുറച്ച് അവര്‍ക്ക് വിജയം സുനിശ്ചിതമാക്കുന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദം. പ്രധാനമായും പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പേന പുറത്തിറക്കിയിരിക്കുന്നത്.

ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ക്ഷേത്രം ഇതു സംബന്ധിച്ച് പുറത്തിറക്കിയ നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുഷ്യന്ത് ബാപ്പുജി എന്നയാളാണ് പേനാ സെറ്റിന്റെ നിര്‍മ്മാതാവ്. ഹനുമാന്‍ സേവകന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഹനുമാന്‍ സരസ്വതി യാഗത്തിലൂടെ തനിക്ക് ലഭിച്ച അനുഗ്രഹമാണ് ഈ മാജിക് പേനയുടെ നിര്‍മ്മാണ രഹസ്യമെന്നാണ് ദുഷ്യന്ത് ബാപ്പുജി പറയുന്നത്. പേന കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ കളിയും ചിരിയും തമാശയുമായി നടക്കാം എന്നാണ് കുട്ടികളോട് ബാപ്പുജി പറയുന്നത്. അതേ സമയം പേന ചെലവാക്കാന്‍ ബാപ്പുജി കൂടുതല്‍ ഉന്നം വെക്കുന്നത് മാതാപിതാക്കളെയാണ്. പേനയുടെ മാര്‍ക്കറ്റിംഗ് താത്പര്യാര്‍ഥം അച്ചടിച്ച നോട്ടീസുകള്‍ അഭിസംബോധന ചെയ്യുന്നത് മാതാപിതാക്കളെയാണ്.

“നിങ്ങളുടെ മക്കള്‍ പരീക്ഷയില്‍ ജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? മോശം പ്രകടനത്താല്‍ മക്കള്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് മാജിക് പെന്‍ സെറ്റ്. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ അകറ്റി അവരെ ഇത് വിജയത്തിലേക്ക് നയിക്കും. 1,900 രൂപ നല്‍കിയാല്‍ പേനാ സെറ്റ് സ്വന്തമാക്കാം.” ഇതാണ് നോട്ടീസിലെ പരസ്യവാചകങ്ങള്‍. പേന ഉപയോഗിച്ചശേഷം വിചാരിച്ച ഫലമുണ്ടായില്ലെങ്കില്‍ അടച്ച പണം തിരികെ നല്‍കുമെന്ന വാഗ്ദാനവും ഗുഷ്യന്ത് നല്‍കുന്നുണ്ട്. ഗുജറാത്തി ഭാഷയിലാണ് ലഘുലേഖ. ഒപ്പം ദുഷ്യന്തിന്റെ ഫോട്ടോയുമുണ്ട്. 100 ശതമാനം ഗ്യാരണ്ടിയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ, ഈ അത്ഭുത പേന സ്വന്തമാക്കണമെങ്കില്‍, 1900 രൂപ മാത്രം പോര. വിദ്യാര്‍ത്ഥികളെ പരീക്ഷ ജയിപ്പിക്കുകയാണ് പേനയുടെ ധര്‍മമെന്നതിനാല്‍, മൊബൈല്‍ നമ്പറും പരീക്ഷാ രസീതും ഹോള്‍ ടിക്കറ്റിന്റെ പകര്‍പ്പും സ്കൂള്‍/കോളേജ് ഐഡന്റിന്റി കാര്‍ഡും നല്‍കിയാല്‍ മാത്രമേ പേന നല്‍കുകയുള്ളു.

Related posts