അഹമ്മദാബാദ്: ഗുജറാത്തിൽ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ രാജ്കോട്ടിൽ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിർത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായി 22 വർഷം ഗുജറാത്ത് ഭരിച്ച ബിജെപിക്ക് ഇത്തവണത്തേത് കടുത്ത പോരാട്ടമായതാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാർട്ടിയെ എത്തിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നയാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് ബിജെപിയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ കേന്ദ്ര ടെക്സ്റ്റൈൽ, വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലക്കാരിയാണ് സ്മൃതി ഇറാനി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും ഇവർക്കാണ്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ സ്മൃതി ഇറാനി നിഷേധിക്കുകയം ചെയ്തിട്ടുണ്ട്.