സെബി മാത്യു
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ അന്തരിച്ച കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടത്തിയെന്നു പ്രത്യേക അന്വേഷണസംഘം.
ഗുജറാത്ത് കലാപക്കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ടീസ്റ്റ സെതിൽവാദിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് എസ്ഐടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാൻ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ എന്നാണ് പ്രത്യേക അന്വേഷണസംഘം സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
സത്യവാങ്മൂലം സ്വീകരിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ടീസ്റ്റയുടെ ജാമ്യക്കേസിൽ വാദം കേൾക്കുന്നത് നാളത്തേക്കു മാറ്റിവച്ചു.
സോണിയയുടെ നിർദേശപ്രകാരമെന്ന് ബിജെപി
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ നടന്ന ഗൂഢാലോചനകൾ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഗുജറാത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കാനും നരേന്ദ്ര മോദിയുടെ രാഷ്ട്രീയജീവിതം തകർക്കാനും സോണിയഗാന്ധിയുടെ നിർദേശപ്രകാരം അവരുടെ രാഷ്ട്രീയ ഉപദേശകനും മുതിർന്ന കോണ്ഗ്രസ് നേതാവുമായിരുന്ന അഹമ്മദ് പട്ടേൽ ഇടനില നിൽക്കുകയായിരുന്നു എന്നാണ് ബിജെപി വക്താവ് സന്പിത് പാത്ര ആരോപിച്ചത്.
കാര്യങ്ങൾ വ്യക്തമാക്കി ഒരു വാർത്താസമ്മേളനം നടത്താൻ സോണിയ തയാറാണോയെന്നും സന്പിത് പാത്ര വെല്ലുവിളിച്ചു.
ടീസ്റ്റ സെതിൽവാദിന് യുപിഎ സർക്കാർ പദ്മശ്രീ നൽകുകയും അധികാരത്തിലിരുന്ന സമയം ദേശീയ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മാത്രമല്ല, ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് അനുവദിച്ച ഫണ്ട് വെട്ടിച്ച് ടീസ്റ്റ വൈനും റിസോർട്ടുകളും ആസ്വദിക്കുകയായിരുന്നെന്നും സന്പിത് പാത്ര പറഞ്ഞു.
പട്ടേൽ വെറുമൊരു ഇടനിലക്കാരൻ മാത്രമായിരുന്നു. എല്ലാ ഗൂഢാലോചനകളുടെയും പിന്നിൽ സോണിയതന്നെ യായിരുന്നുവെന്നും ബിജെപി വക്താവ് ആരോപിച്ചു.
ബിജെപി ഒരിക്കലും പ്രതികാരം വച്ചു പുലർത്തുന്ന പാർട്ടിയല്ലെന്നും ക്ഷമയോടെ ഭരണഘടനപരമായ നടപടികളിൽ വിശ്വസിക്കുന്നവരാണെന്നുമായിരുന്നു സന്പിത് പാത്ര അവകാശപ്പെട്ടത്.
ഗുജറാത്ത് കലാപക്കേസിൽ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയത്.
ഇതിന്റെ തൊട്ടുപിന്നാലെയാണ് ടീസ്റ്റ സെതിൽവാദ്, മുൻ ഗുജറാത്ത് പോലീസ് മേധാവി ആർ. ബി ശ്രീകുമാർ, ജയിലിൽ കഴിഞ്ഞിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ വാദം
ടീസ്റ്റ സെതിൽവാദ് ഉൾപ്പെട്ട ഗൂഢാലോചനയുടെ ലക്ഷ്യം അന്നത്തെ ഗുജറാത്ത് സർക്കാരിനെ താഴെയിറക്കുക എന്നതായിരുന്നു.
എതിർ രാഷ്ട്രീയകക്ഷികളിൽനിന്ന് ഇതിനായി നിയമവിരുദ്ധ സാന്പത്തിക സഹായം ഉൾപ്പടെയുള്ളവ ലഭിച്ചു.
ഗൂഢാലോചനയുടെ ഭാഗമായി ഗുജറാത്തിലെ നിഷ്കളങ്കരായ ആളുകളുടെമേൽ ഇവർ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും എസ്ഐടിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
അഹമ്മദ് പട്ടേലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന നടന്നതെന്ന് ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സമർഥിക്കുന്നത്.
അഹമ്മദ് പട്ടേലിന്റെ നിർദേശമനുസരിച്ച് ടീസ്റ്റ 2002ലെ ഗോധ്ര കലാപത്തിനു പിന്നാലെ 30 ലക്ഷം രൂപ സ്വീകരിച്ചു. അന്നു കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളെ ടീസ്റ്റ പതിവായി സന്ദർശിച്ചിരുന്നു.
ബിജെപിയുടെ മുതിർന്ന നേതാക്കളെ ഗുജറാത്ത് കലാപക്കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മറ്റൊരു സാക്ഷിമൊഴി അനുസരിച്ച് 2006ൽ ഷബാനയെയും ജാവേദിനെയും പോലെ തന്നെയും രാജ്യസഭാ അംഗമാക്കാത്തത് എന്താണെന്ന് ടീസ്റ്റ ഒരു പ്രമുഖ കോണ്ഗ്രസ് നേതാവിനോട് ചോദിച്ചിരുന്നുവെന്നും എസ്ഐടി പറയുന്നു.
അന്വേഷണസംഘത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: കോൺഗ്രസ്
പ്രത്യേക അന്വേണസംഘത്തിന്റെ ആരോപണങ്ങളെല്ലാംതന്നെ അടിസ്ഥാനരഹിതമാണെന്നാണ് കോണ്ഗ്രസ് പറഞ്ഞത്.
അഹമ്മദ് പട്ടേലിനെതിരേ കെട്ടിച്ചമച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തു നടന്ന കലാപത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ ശ്രമമാണിത്.
ഗുജറാത്ത് കൂട്ടക്കൊല നിയന്ത്രിക്കാൻ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു കഴിഞ്ഞില്ല. അന്നു പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് മുഖ്യമന്ത്രിയെ രാജധർമത്തെക്കുറിച്ച് ഓർമിപ്പിക്കുകപോലും ചെയ്തിരുന്നുവെ ന്നും കോണ്ഗ്രസ് വക്താവ് ജയറാം രമേശ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ വൈരാഗ്യ യന്ത്രം മരിച്ചുപോയ നേതാക്കളെപ്പോലും വെറുതെ വിടുന്നില്ലെന്നും കോണ്ഗ്രസ് ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ രാഷ്ട്രീയ മേലാളന്റെ താളത്തിനൊത്തു തുള്ളുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ മുൻ പ്രത്യേക അന്വേഷണ സംഘത്തലവന് നയതന്ത്ര പദവി കിട്ടിയത് എങ്ങനെയാണെന്നു വ്യക്തമാണ്.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ തങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന അന്വേഷണസംഘത്തെക്കൊണ്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വർഷങ്ങളായുള്ള തന്ത്രമാണ്.
തനിക്കെതിരേ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും നിഷേധിക്കാൻ അഹമ്മദ് പട്ടേൽ ജീവിച്ചിരിക്കുന്നില്ലെന്നും കോണ്ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അഹമ്മദ് പട്ടേലിനെതിരേയുള്ള ആരോപണങ്ങൾ തള്ളി അദ്ദേഹത്തിന്റെ മകൾ മുംതാസ് പട്ടേലും രംഗത്തെത്തി.
ആരോപണങ്ങൾക്ക് തെളിവുണ്ടായിരുന്നെങ്കിൽ എന്തു കൊണ്ടാണ് 2020 വരെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാതിരുന്നതെന്നും മുംതാസ് ചോദിച്ചു.