അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിയിൽ വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുസ്ലിങ്ങള്‍ക്ക് താമസത്തിനായി തെരഞ്ഞെടുക്കാന്‍ ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂവെന്നാണ് രുപാനിയുടെ പരാമർശം. ഗുജറാത്തിൽ സബർമതി ആശ്രമത്തിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധിയുടേയും മൻമോഹൻ സിംഗിന്റേയും ആഗ്രഹങ്ങളെ കോൺഗ്രസ് മാനിക്കുന്നില്ലെന്നും രൂപാനി പറഞ്ഞു. വിഭജനസമയത്ത് പാക്കിസ്ഥാനിൽ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ കാരണം ഇപ്പോൾ മൂന്നു ശതമാനമായി കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതെന്നും രുപാനി പറഞ്ഞു.