പാട്ടുപാടി മഴ പെയ്യിക്കുക എന്ന് കേട്ടിട്ടില്ലേ…എന്നാലിവിടെ പാട്ടു പാടി ‘ഡോളര് മഴ’ പെയ്യിച്ച കഥയാണ് വാര്ത്തയാകുന്നത്.
റഷ്യന് യുദ്ധത്തില് യുക്രൈന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് അമേരിക്കന് വേദിയില് ഗുജറാത്തി നാടന്പാട്ടു കലാകാരി ഗീതാ ബെന് റബാരി പാട്ട് പാടിയപ്പോഴാണ് ഡോളര് മഴപോലെ പെയ്തിറങ്ങിയത്.
റഷ്യന് അധിനിവേശത്തെ തുടര്ന്ന് വലയുന്ന യുക്രെയ്ന് ജനതയ്ക്കായി പണം സമാഹരിക്കാന് വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയില് ആയിരുന്നു സംഗീതപരിപാടി.
തന്റെ പാട്ടും തുടര്ന്നുണ്ടായ സംഭവങ്ങളും ഉള്പ്പെടുന്ന വിഡിയോ രംഗങ്ങള് ഗീതാ ബെന് റബാരി സമൂഹമാധ്യമങ്ങളില് പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു.
ഡോളര് കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളില് ഇതിനോടകം വൈറല് ആയിരിക്കുകയാണ്.
ഏകദേശം 2.25 കോടി രൂപയാണ് ഗീതാ ബെന് റബാരി നേടിയത്. ഗീതാ ബെന് പാട്ടുപാടുമ്പോള് പിന്നില് നിന്ന് പ്രവാസികള് ഡോളറുകള് മഴ പോലെ വര്ഷിക്കുന്നത് വീഡിയോയില് വ്യക്തമാണ്.
ഈ തുക യുക്രെയ്ന് ജനതയ്ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു. ഗായകന് സണ്ണി ജാദവും ഗീതാ ബെന് റബാരിക്കൊപ്പം വേദിയില് ഉണ്ടായിരുന്നു.