കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരേ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ സഖ്യത്തിന് വൻവിജയം.
മിഡ്നാപുരിൽ സഹകരണ സ്ഥാപനത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 63 സീറ്റുകളിൽ 52 ലും സിപിഎമ്മും ബിജെപിയും ചേർന്നു രൂപീകരിച്ച ബംഗാൾ കോ ഓപ്പറേറ്റിവ് ബച്ചാവോ സമിതി എതിരില്ലാതെ വിജയിച്ചു.
നന്ദകുമാർ ബ്ലോക്കിലെ ബഹ്രാംപുർ കോ-ഓപ്പറേറ്റീവ് അഗ്രികൾചറൽ ക്രെഡിറ്റ് സൊസൈറ്റിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
46 സീറ്റുകളിലേക്കു പത്രിക നൽകിയ തൃണമൂൽ 35 പത്രികകളും പിൻവലിച്ചിരുന്നു. പുതിയ സഖ്യം സംസ്ഥാനത്തും ദേശീയ തലത്തിലും ചർച്ചാവിഷയമായി.