വൈപ്പിൻ: അനുവദനീയമായ അളവിൽ കൂടുതൽ ചെറുമീനുകൾ കുടുങ്ങുമെന്നതിനാൽ സംസ്ഥാനത്ത് സർക്കാർ നിയമംമൂലം നിരോധിച്ച പെലാജിക് വലകൾക്ക് പകരമായി ഇതര സംസ്ഥാനത്ത് നിന്നും ഇതിലും ഭീകരനായ ഗുജറാത്ത് വലകൾ എത്തുന്നു.
ചില ബോട്ടുകൾ പെലാജിക് വലകൾ ഉപയോഗിക്കുന്നത് തടയാൻ ബോട്ടുടമാ സംഘങ്ങളും ഫിഷറീസ് അധികൃതരും കർശന നടപടികളുമായി രംഗത്തിറങ്ങിയതോടെയാണ് ഗുജറാത്തിൽ നിന്നു പുതിയ വലകളെത്തിച്ചു തുടങ്ങിയിരിക്കുന്നത്.
തീരെ ചെറിയ കണ്ണികൾ ഉള്ള ഈ വല നന്നേ കനം കുറഞ്ഞ നൂലുപയോഗിച്ച് നിർമിക്കുന്നവയാണ്. ഇതുമൂലം വല വലിക്കുന്പോൾ കണ്ണികൾ തമ്മിൽ അടുത്ത് കഴിഞ്ഞാൽ വെള്ളംപോലും ചോർന്ന് പോകുന്നത് കഷ്ടിച്ചായിരിക്കും. പെലാജിക് വല രണ്ട് ബോട്ടുകൾ ചേർന്നാണ് വലിക്കുന്നതെങ്കിൽ ഗുജറാത്ത് വല വലിക്കാൻ ഒരു ബോട്ടു മതി.
വലയുടെ വായ ഭാഗത്ത് നല്ല വിരിവ് ലഭിക്കുമെന്നതിനാൽ വല വലിക്കുന്ന സമയത്ത് കൂടുതൽ ഭാഗത്ത് വലയുടെ സാന്നിധ്യമുണ്ടാകും. ഇത് മൂലം കൂടുതൽ മീനുകൾ വലയിലാകുമെന്നതാണ് നേട്ടം. എന്നാൽ ഇവയിൽ ചെറുമീനുകൾ ധാരാളം കുടുങ്ങുമെന്നതാണ് ദൂഷ്യം. നിലവിൽ ഈ വലയ്ക്ക് നിരോധനമൊന്നുമില്ലന്നതാണ് ബോട്ടുകാർക്ക് ഗുണകരമാകുന്നത്.
മറ്റു വലകളേക്കാൾ വില കൂടുതലാണെങ്കിലും മത്സ്യങ്ങൾ കൂടുതൽ ലഭിക്കുമെന്നതിനാൽ പലരും വില നോക്കാതെയാണ് വല വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ മുനന്പം, വൈപ്പിൻ മേഖലയിൽ വല സെറ്റ് ചെയ്യുന്നവർ ഇപ്പോൽ ഗുജറാത്ത് മോഡൽ വല ഉണ്ടാക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നാണ് അറിവ്.