അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ ചേരികൾ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.
45 കുടുംബങ്ങളിലായി 200 പേരാണു കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ഇവർ രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികളാണ്. രണ്ടു പതിറ്റാണ്ടുകളായി ഇവർ ഇവിടെയാണു താമസിക്കുന്നത്.
എന്നാൽ ട്രംപിന്റെ നമസ്തേ ട്രംപ് പരിപാടിക്കു മുന്നോടിയായി ഇവരെ ഒഴിപ്പിക്കാൻ അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
ഇവിടുത്തെ തന്നെ ദേവ് സരണ്‍ ചേരി മറയ്ക്കുന്നതിനായി അഹമ്മദാബാദ് ഭരണകൂടം വഴികൾ മതിൽകെട്ടി മറയ്ക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു ചേരിയിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ വാർത്തകളും പുറത്തുവരുന്നത്.
ഈ മാസം 24-നാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദ് സന്ദർശിക്കുന്നത്.