വഡോദര: ഗുജറാത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെ പ്രധാന നഗരമായ വഡോദരയും സമീപ പ്രദേശങ്ങളും മുങ്ങിയതോടെ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചു.
ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ 15 പേർ മരിച്ചു, 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്നു ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു.
രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണെന്നും പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രളയജലം വിശ്വാമിത്രി നദിയിൽ തുറന്നുവിടുന്നതിനുപകരം നർമദ കനാലിലേക്ക് ഒഴുക്കിവിടാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
ഏകദേശം 20 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. 38,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്യാൻ തയാറാണെന്നും സർക്കാർ അറിയിച്ചു.