സിംഗപ്പുർ: ഇന്ത്യയുടെ കൗമാര ചെസ് താരം ദൊമ്മരാജു ഗുകേഷ് ലോക ചെസ് ചാന്പ്യൻ. ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് വീഴ്ത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന സർവകാല റിക്കാർഡാണ് തമിഴ്നാട്ടിൽനിന്നുള്ള ഡി. ഗുകേഷ് സ്ഥാപിച്ചത്.
അഞ്ചു തവണ ലോക ചാന്പ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ചാന്പ്യനായി ഗുകേഷ്. 22ാം വയസിൽ ലോക ചാന്പ്യനായ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് സ്ഥാപിച്ച റിക്കാർഡ് പഴങ്കഥയാക്കി 18 വയസും ആറു മാസവും പതിമൂന്നു ദിവസവും പിന്നിട്ട ഗുകേഷ് നാലു വർഷത്തെ വ്യത്യാസത്തിൽ പുതിയ റിക്കാർഡിട്ടു.
ലോക ചെസ് ഫെഡറേഷനായ ഫിഡെ സിംഗപ്പുരിലെ റിസോർട്ട് വേൾഡ് സെന്റോസയിലെ ഇക്വാരിയസ് ഹോട്ടലിൽ നടത്തിയ 14 റൗണ്ട് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ചപ്പോൾ ചൈനയ്ക്കുമേൽ പ്രഹരം നൽകി ഇന്ത്യ വിജയക്കൊടി നാട്ടി. 2013ൽ റഷ്യയുടെ ഇയാൻ നെപോംനിഷിയെ ടൈബ്രേക്കിൽ കീഴടക്കി ലോക ചാന്പ്യനായ ഡിങ് ലിറന് തന്റെ ചാന്പ്യൻപദവി നിലനിർത്താനായില്ല.
നവംബർ 25ന് ആരംഭിച്ച മത്സരത്തിന്റെ ആദ്യ ഗെയിമിൽ തോൽവി ഏറ്റുവാങ്ങിയ ഗുകേഷ് മൂന്നാം റൗണ്ടിൽ വിജയിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് സമനിലകളിലൂടെ തുടർ റൗണ്ടുകൾ നീങ്ങിയപ്പോഴും അവസരം പാർത്തിരുന്ന ഗുകേഷ് രണ്ടാം പകുതിയിലെ മത്സരങ്ങളിൽ വ്യക്തമായ ആധിപത്യം നേടിക്കൊണ്ട് ലിറനെ സമ്മർദത്തിലാക്കിയിരുന്നു.
പതിനൊന്നാം ഗെയിമിൽ വെള്ള കരുക്കളുമായി കളിച്ച ഗുകേഷ് ഡിങ് ലിറനെ തറപറ്റിച്ച് ലീഡു നേടി. എന്നാൽ പന്ത്രണ്ടാം ഗെയിമിൽ തിരിച്ചടിച്ച് ഡിങ് ഒപ്പമെത്തി. സമനിലയിലായ പതിമൂന്നാം ഗെയിമിലും ഗുകേഷിന് മുൻതൂക്കമുണ്ടായിരുന്നു.
നിർണായകമായ പതിനാലാം ഗെയിമിൽ കറുത്ത കരുക്കൾ നീക്കിക്കൊണ്ട് ശക്തമായി പോരാടി 58 നീക്കത്തിൽ ഡിങ് ലിറനെ കീഴടക്കി ഗുകേഷ് പതിനെട്ടാമത് ലോക ചെസ് ചാന്പ്യനായി അവരോധിതനായി.
- സോബിച്ചൻ തറപ്പേൽ