ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ വ്യാപക മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ജില്ലകളില്‍ 41 മുതല്‍ 61 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍. ഇന്ന് ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും സെപ്റ്റംബര്‍ 28ന് കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഒഡീഷയുടെ തെക്കന്‍ മേഖലയിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.