ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ യുവാവ് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കുടുങ്ങി ജയിലിലായതായി സൂചന. സോറിയാസിസിനുള്ള ആയുര്‍വേദ മരുന്നുകള്‍ കൈവശം വെച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയില്‍ ഖാലിദ് (28) ആണ് അറസ്റ്റിലായത്. ത്വക്ക് സംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ ആയുര്‍വേദ മരുന്ന് ഖാലിദ് കൂടെ കരുതുകയായിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരമാണ് മരുന്ന് കൊണ്ടുപോയതെങ്കിലും കുവൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന മരുന്നുകളുടെ ലിസ്റ്റില്പെട്ടതല്ലാത്തതിനാലാണ് ഖാലിദ് കുടുങ്ങിയത്. ഖാലിദിനെ കുറിച്ച് വിവരങ്ങളൊന്നുമില്ലാതെയായപ്പോള് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഖാലിദ് പിടിയിലായ വാര്‍ത്ത അറിയുന്നത്.
കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇടപെടലുണ്ടായാല്‍ മാത്രമേ ഖാലിദിന് മോചനം ഉണ്ടാവൂ എന്നാണു ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടലുണ്ടാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയുമ്പോള്‍ മരുന്നുകള്‍ കൈവശം വെയ്ക്കുന്നവര്‍ അതിന്റെ കുറിപ്പടിയോ,ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ കൂടെ കരുതേണ്ടതാണ്. അല്ലാത്ത പക്ഷം ജയിലില്‍ പോകേണ്ടി വരികയും കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും.