കോട്ടയം: അമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെയും നാട്ടിലെത്തിക്കണം- കൊടുമൺ സ്വദേശിയായ നന്ദകുമാറിന്റെ അധികൃതരോടുള്ള അപേക്ഷയാണിത്. 2015 ജൂലൈയിലാണ് നന്ദുവിന്റെ അമ്മ മണി പൊടിയൻ(45) ഏജന്റ് വഴി കുവൈത്തിൽ പോയത്. ആദ്യ മൂന്നുമാസം കൃത്യമായി ശമ്പളം വീട്ടിലേക്ക് അയച്ചു. പിന്നെ പണം അയയ്ക്കുന്നതു നിലച്ചു.
ഇതോടെ മണിയുടെ വിവരമില്ലാതാകുകയായിരുന്നു. പണമില്ലാതെ വന്നതോടെ പഠനത്തിൽ മിടുക്കനായിരുന്ന നന്ദകുമാറിന് അത് ഉപേക്ഷിക്കേണ്ടിവന്നു. 2016 ഫെബ്രുവരിയിൽ വീട്ടിൽ വിളിച്ച് താൻ ജോലിക്കു നിൽക്കുന്ന വീട്ടിലെ ഉടമസ്ഥൻ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും എങ്ങനെയും രക്ഷപ്പെടുത്തണെമെന്നും അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷൻ വഴി എംബസിയിൽ അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ കുവൈറ്റിൽ എത്തിയിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. തുടർന്നു പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്റിനെ ചോദ്യം ചെയ്തുവെങ്കിലും മണി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ 21-ന് മണി വീണ്ടും വീട്ടിലേക്ക് വിളിച്ച് കുവൈത്ത് പൗരനായ വീട്ടുടമ ഭക്ഷണവും ശമ്പളവും നൽകാതെ കഠിനമായി പീഡിപ്പിച്ചെന്ന് അറിയിച്ചു.
പീഡിപ്പിക്കപ്പെട്ട വീട്ടിൽനിന്നു മണിയെ ഇപ്പോൾ മറ്റൊരു കുവൈറ്റ് സ്വദേശിയുടെ വീട്ടിലേക്ക് മുൻ വീട്ടുടമ മാറ്റി. അവിടെവച്ചാണ് സന്നദ്ധ പ്രവർത്തകരായ മഞ്ജു വിനോദും അന്നമ്മ ഏബ്രഹാമും മണിയോട് ഫോണിൽ ബന്ധപ്പെട്ടത്. വിഷയം പ്രവാസി മലയാളി ഫെഡറേഷൻ അംഗം മുരളി രവീന്ദ്രൻ കുവൈത്തിലെ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നിയമാനുസൃത താമസ രേഖ ഇല്ലാത്തതിനാൽ നടപടി വൈകുകയാണ്.
മാത്രമല്ല, പാസ്പോർട്ട് ആദ്യത്തെ വീട്ടുടമയുടെ കൈവശമാണ്. ഇത്രയും വർഷം ജോലി ചെയ്തതിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വീട്ടുടമയുടെ കൈയിൽനിന്നു വാങ്ങി നൽകി മണിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവാസി മലയാളി ഫെഡറേഷൻ. പക്ഷേ, നടപടികൾ വേഗത്തിലാകാൻ ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലൂടെയെ സാധിക്കുകയുള്ളുവെന്നാണു ഫെഡറേഷന് ഭാരവാഹികൾ പറയുന്നത്.
പ്ലസ്ടുവിനു മികച്ച വിജയം നേടിയ നന്ദു സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് പഠനം അവസാനിപ്പിച്ച് ജോലിക്കു പോകുകയാണ്.എങ്ങനെയും അമ്മയെ നാട്ടിലെത്തിക്കണമെന്ന ആഗ്രഹത്തിലാണ് നന്ദകുമാറും സഹോദരി നന്ദുജയും. ഇതിനായി സ്ഥലം എംഎൽഎയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണിവർ.