വൈപ്പിന്‍: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച വീട്ടമ്മയെ അറബിക്ക് വിറ്റു എന്ന പരാതിയില്‍ ഞാറക്കല്‍ പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തു.
ഗള്‍ഫില്‍ വിസ തരപ്പെടുത്തുന്ന ഏജന്റുമാരായ സലീം, സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഞാറക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്.
പ്രതികളെന്നാരോപിക്കുന്ന ഇരുവരും വീട്ടമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് 2020 മാര്‍ച്ച് നാലാം തീയതി ജോലിക്കായി ഖത്തറില്‍ എത്തിച്ചത്രേ.
23,000 രൂപ ശമ്പളവും ഭക്ഷണവും മരുന്നും കൂടാതെ ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചുകൊള്ളാമെന്നുമായിരുന്നു വാഗ്ദാനം. പിറ്റേന്ന് മുതല്‍ ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് കയറി.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ക്രൂരമായ മര്‍ദനം തുടങ്ങിയെന്നാണ് വീട്ടമ്മ പറയുന്നത്.ഏജന്റുമാരെ വിളിച്ചു അറിയിച്ചപ്പോള്‍ നടപടിയും ഉണ്ടായില്ല. ഇതിനിടെ പീഡനം തുടര്‍ന്നുകൊണ്ടിരുന്നു.
അപ്പോഴാണ് തന്നെ ഏജന്റുമാര്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് വീട്ടമ്മക്ക് അവിടെയുള്ള ഒരു സ്ത്രീയില്‍നിന്നും അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നാട്ടിലേക്ക് പോരാനുള്ള ശ്രമമായിരുന്നു.
അങ്ങനെ ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടപ്പോള്‍ ഭര്‍ത്താവ് മുഖേന കേരളത്തിലെ ചില പൊതുപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ഇവര്‍ ഇടപെട്ട് വീട്ടമ്മയെ നാട്ടില്‍ എത്തിക്കുകയുമായിരുന്നു. നാലുമാസത്തെ ശമ്പളം വീട്ടമ്മയ്ക്ക് ലഭിക്കാനുമുണ്ട്.