കൊച്ചി: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസിനുള്ള ഷിപ്പിംഗ് കമ്പനികളെ കണ്ടെത്താനുള്ള ചര്‍ച്ച തുടങ്ങി. കേരള- യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വീസിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പ്രതിനിധികള്‍ കഴിഞ്ഞ മാസം യുഎഇയിലെത്തി പ്രവാസി മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചകളില്‍ അനുകൂല സാധ്യതകളാണ് തെളിയുന്നത്. ഗള്‍ഫിലും ഇന്ത്യയിലുമുള്ള വിവിധ ഷിപ്പിംഗ് കമ്പനികള്‍ നിക്ഷേപത്തിന് തയാറാണെന്നാണ് ലഭ്യമാകുന്ന വിവരം.
കൊച്ചി വിമാനത്താവള കമ്പനി(സിയാല്‍) മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുളള കമ്പനിയാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരും കേരള മാരിടൈം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ഉള്‍പ്പെടുന്നതാകും കമ്പനി.
ഉത്സവകാലത്ത് ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രാ ചാര്‍ജ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് നയിച്ചതെന്ന് കേരള മാരിടൈം ബോര്‍ഡ് സിഇഒ ടി.പി. സലിംകുമാര്‍ പറഞ്ഞു.
കമ്പനി രൂപീകരണത്തിനു ശേഷം ഓഹരി വില്പനയിലൂടെ പണം കണ്ടെത്തി സാധ്യതാ പഠനം ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് നീക്കം.