പത്തനാപുരം : ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും വസന്തത്തിന്റെ മനോഹാരിത സമ്മാനിച്ച് ഗുൽമോഹർ (വാകമരം ) പുഷ്പങ്ങൾ.നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ദേശീയപാതയോരങ്ങളിലുമെല്ലാം ഇവ ചുവപ്പിന്റെ ഘോഷയാത്ര തീര്‍ക്കുന്നു.
ഒരു നൂറ്റാണ്ട് മുന്‍പാണ് പ്രണയത്തിന്റെ ചുവപ്പന്‍ വസന്തമായി ഗുല്‍മോഹര്‍ വിദേശത്തുനിന്നും കേരളത്തിലെത്തുന്നത്. ക്യാമ്പസുകളിലും വിദ്യാലയങ്ങളുടെ അക്ഷരമുറ്റത്തും,നാട്ടിടവഴിയോരങ്ങളിലും,നഗരങ്ങളിലും നിലയുറപ്പിച്ച ഗുല്‍മോഹറിന്റെ വര്ണചാരുതയ്ക്ക് കടുത്ത വേനലിന്റെ വറുതിയിലും കുറവുണ്ടായില്ല..
ജൂണ്‍ ആദ്യം മഴക്കാലമെത്തുന്നതോടെ കൊഴിഞ്ഞ് തുടങ്ങുന്ന ഗുൽമോഹറിന് കനത്ത വേനലാണ് അനുയോജ്യ കാലാവസ്ഥ.മെയ് മാസത്തിലാണ് ഇവ ഏറെ പൂക്കുക.അതിനാല്‍ ഗുല്മോഹറിനെ മെയ് മാസപ്പൂവെന്നും വിളിക്കാറുണ്ട്.
എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഏപ്രില്‍ ആദ്യവാരം തന്നെ ഗുൽമോഹർ അതിൻറെ മനോഹാരിത കാഴ്ചക്കാർക്ക് സമ്മാനിച്ചു തുടങ്ങി.
വേനലില്‍ പൂമരങ്ങളും,പുല്‍നാമ്പുകളും കൊഴിഞ്ഞുവാടുമ്പോഴും പ്രതിരോധത്താല് വസന്തത്തെ ശിഖിരങ്ങളില്‍ പടര്‍ത്തി വഴിയോരങ്ങളില്‍ ഗുല്‍മോഹര്‍ നയനമനോഹര കാഴ്ചയാകുന്നു.