മരണത്തിനു പിന്നിലെ അവ്യക്തതകള്‍! ഗുല്‍നാറയെ വിഷംകൊടുത്തു കൊന്നു? കൊല്ലപ്പെട്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാന്‍ തയാറാകാതെ അധികൃതര്‍

gulnara1ഞെട്ടിക്കുന്ന വാര്‍ത്തകളാണല്ലോ ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ആ ഞെട്ടല്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യാറുണ്ട്. അതു സമൂഹത്തില്‍ പ്രശസ്തരായവരെക്കുറിച്ചാണെങ്കില്‍ പിന്നെ പറയാനുമില്ല. അത്തരം വാര്‍ത്തകളിലേക്കിതാ അവ്യക്തമായ മറ്റൊരു വാര്‍ത്തകൂടി.

ഇതു നിസാര വ്യക്തിയോ, നമ്മുടെ നാട്ടുകാരിയോ അല്ല. മുന്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റും കോടീശ്വരനുമായിരുന്ന ഇസ്ലാം കരിമോവിന്റെ മൂത്തമകള്‍ ഗുല്‍നാറ കരിമോവിനെക്കുറിച്ചാണ് വാര്‍ത്ത പ്രചരിക്കുന്നത്. തന്റെ പിതാവിനെപ്പോലെ തന്നെ സാമ്പത്തികമായി മുന്‍പന്തിയില്‍ തന്നെയായിരുന്നു ഗുല്‍നാറ കരിമോവയും. ഉസ്‌ബെക്കിസ്ഥാനിലെ ഒരു വലിയ കോടീശ്വരി തന്നെയായിരുന്നു ഇവര്‍.

നവംബര്‍ അഞ്ചിന് ഈ 44 വയസുകാരി വിഷം ഉളളില്‍ ചെന്നു മരിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്. സെന്‍ട്രല്‍ ഏഷ്യന്‍ ന്യൂസാണ് ഈ വാര്‍ത്ത ലോകത്തെ അറിച്ചത്. എത്രത്തോളം വിശ്വസനീയമാണ് ഈ വാര്‍ത്ത എന്നതാണ് ഇപ്പോള്‍ ഗൗരവമായി നിലനില്‍ക്കുന്നത്. ഇവര്‍ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ കൃത്യമായ വിവരങ്ങളില്ല. അതിനാല്‍ തന്നെ ഇത്തരത്തിലുളള വാര്‍ത്തയുടെ പ്രാധാന്യം സമൂഹമാധ്യത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്.

ഗുല്‍നാറ മരിച്ചതായും അവരുടെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം ശവകുടീരം നിര്‍മിക്കാതിരിക്കാന്‍ അവിടം ഇടിച്ചു നിരപ്പാക്കിയെന്നുമുളള അതിശക്തമായ  വാര്‍ത്തകളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത.് ഇവരുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നതെന്നാണ് ചാനലിന്റെ വാദം. ഏതു വാര്‍ത്തയും പോലെ തന്നെ ഉസ്‌ബെക്കിസ്ഥാനെയും ഈ സംഭവം പിടിച്ചു കുലുക്കിയിരിക്കുകയാണ്.
gulnara2
ഗുല്‍നാറയെ അഴിമതിയുടെ പേരില്‍ 2013 മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് തികച്ചും അനൗദ്യോഗികമായ നടപടിയായിരുന്നെന്നും പല മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു രാഷ്ട്രിയപ്രേരിതമാണെന്നും ഇവരെ തകര്‍ക്കുവാനുളള ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഗുല്‍നാറയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.  കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു, ഇസ്രയേലില്‍ ഒളിച്ചു താമസിക്കുകയാണ് തുടങ്ങിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇവരുടെ മരണവാര്‍ത്തയെക്കുറിച്ച് ഉസ്‌ബെക്ക് അധികൃതര്‍ വ്യക്തമായ പരാമര്‍ശങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

1972 ജൂലൈ എട്ടിന് റഷ്യയിലെ ഫെര്‍ഗാന എന്ന സ്ഥലത്തായിരുന്നു ഗുല്‍നാറ കരിമോവിന്റെ ജനനം. ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റായിരുന്ന ഇസ്ലാം കരിമോവിന്റെയും ടാറ്റിയാന കരിമോവിന്റെയും മൂത്തമകളായിരുന്നു ഗുല്‍നാറ. നടാലിയ പെട്രോണ കുച്മിയായിരുന്നു ഇസ്ലാമിന്റെ ആദ്യ ഭാര്യ. ഇതില്‍ പീറ്റര്‍ എന്ന മകനുണ്ട്. ഇവരുമായുളള വിവാഹമോചനത്തിനു ശേഷം 1967ല്‍ ഇസ്ലാം ടാറ്റിയാനയെ വിവാഹം കഴിച്ചു. ഇതില്‍ ഗുല്‍നാറയും ലോലയുമാണ് മക്കള്‍. ഇസ്ലാം കരിമോവ് മസ്തിഷ്ക സംബന്ധമായ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരണമടഞ്ഞത്.

കുറഞ്ഞ സമയത്തിനുളളില്‍ എല്ലാ മേഖലകളിലുംതന്നെ തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ ഗുല്‍നാറയ്ക്ക് സാധിച്ചു. പ്രതാപകാലത്ത് സാമ്പത്തിക-സാമൂഹിക-കലാമേഖലകളിലെല്ലാം തന്റേതായ സാനിധ്യ മറിയിച്ച താരമായിരുന്നു ഇവര്‍. 1988ല്‍ താഷ്കന്റിലെ യൂത്ത് മാത്തമാറ്റിക്‌സ് അക്കാദമിയില്‍ നിന്നു ബിരുദം നേടി. 1989 മുതല്‍ 1994 വരെയുളള കാലഘട്ടത്തില്‍ താഷ്കന്റ് സംസ്ഥാന യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇന്റര്‍നാഷണല്‍ എക്കണോമിക്‌സില്‍ ബിരുദം നേടി.

കൂടാതെ 1992ല്‍ നൃൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു ആഭരണ നിര്‍മാണ പഠനവും പൂര്‍ത്തിയാക്കി. 1998, 2000-2003 തുടങ്ങിയ കാലഘട്ടങ്ങളില്‍ ഉസ്‌ബെക്കിസ്ഥാനു വേണ്ടി നൃൂയോര്‍ക്കില്‍ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാന്‍ എംബസിയുടെ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയായും 2003-2008 വര്‍ഷങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 ജനുവരിയില്‍ ഉസ്‌ബെക്കിസ്ഥാന്‍ സ്ഥാനപതിയായി സ്‌പെയിനിലും സേവനമനുഷ്ഠിച്ചു.

ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തരബിരുദം നേടിയ ഇവര്‍ നിരവധി ധര്‍മാശ്രമങ്ങള്‍ വഴിയായി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും കര്‍മനിരതയായിരുന്നു. പൊതുവായ വികസനം, സ്ത്രീകളുടെ ക്ഷേമം, രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും കാന്‍സര്‍ ബാധിതര്‍ക്കു വേണ്ടിയുളള പദ്ധതികള്‍ തുടങ്ങിയവയില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. കൂടാതെ കുട്ടികളിലെ കലാവാസനകള്‍ വളര്‍ത്തുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഗുല്‍നാറ മുന്‍കൈയെടുത്തിരുന്നു.
gulnara3
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ മുന്‍നിരയിലേക്ക് നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്. ഉസ്‌ബെക്കിസ്ഥാനിലെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അര്‍പ്പണ ബോധത്തോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. എല്ലാ മേഖലകള്‍ക്കും ആവശ്യത്തിനുളള പരിഗണന ഇവര്‍ നല്‍കിയിരുന്നു. 2006ല്‍ ആയിരുന്നു ഗുല്‍നാറ കരിമോവ് തന്റെ ആദ്യത്തെ മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കിയത്. തനിക്ക് കിട്ടിയ തനതായ വാസനയിലൂടെ തന്നെ ആല്‍ബത്തില്‍ ഇവര്‍ ഗാനം ആലപിച്ചു. ഇതിനു ശേഷം ഉസ്‌ബെക്കിസ്ഥാനിലുളള ഇവരുടെ ജനപ്രീതി വര്‍ദ്ധിച്ചു. ഇതിനൊപ്പം തന്നെ മോഡലിംഗും ആഭരണ നിര്‍മണത്തിലെ വൈഭവവും കാത്തുപരിപാലിക്കുവാന്‍ ഇവര്‍ക്കു സാധിച്ചു.

ബിരുദവും ബിരുദാനന്തര ബിരുദവും അവാര്‍ഡുകളും വാരിക്കൂട്ടിയ ഇവര്‍ ബിസിനസ് മേഖലയിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. തൊട്ടതിനെ മുഴുവന്‍ പൊന്നാക്കിക്കൊണ്ടായിരുന്നു ബിസിനസിലെ ഗുല്‍നാറയുടെ വളര്‍ച്ച. ജൂഡോ ബ്ലാക്ക് ബെല്‍റ്റായ ഇവര്‍ വിദേശ നയതന്ത്രജ്ഞ, സാമൂഹ്യ പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍, മോഡല്‍, പോപ്പ് സ്റ്റാര്‍ തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്.

1991ല്‍ മന്‍സൂര്‍ മസൂദിയുമായി ഗുല്‍നാറയുടെ വിവാഹം നടന്നു. അമേരിക്കന്‍ ബിസിനസുകാരനായ ഇദ്ദേഹം അഫ്ഗാനിസ്ഥാന്‍-ഉസ്‌ബെക്ക് സ്വദേശിയായിരുന്നു. 1992ല്‍ ഇവര്‍ക്ക് ഇസ്ലാം എന്ന മകനും 1998ല്‍ ഇമന്‍ എന്ന മകളുമുണ്ടായി.

2001ഓടെ വിവാഹബന്ധത്തില്‍ പാളിച്ചകള്‍ അനുഭവപ്പെട്ടതോടെ ഗുല്‍നാറ തന്റെ മക്കളുമായി അമേരിക്ക വിട്ട് ഉസ്‌ബേക്കിസ്ഥാനിലേക്കു മാറി താമസിച്ചു. തുടര്‍ന്ന് വിവാഹ മോചനവും നേടി. മറ്റു മേഖലകളില്‍ കൈവരിച്ച വിജയം ഇവര്‍ക്ക് വിവാഹ ജീവിതത്തില്‍ നേടാനായില്ല. എന്നാല്‍ മരണത്തിന്റെ കാര്യത്തിലും വ്യക്തതയില്ലാത്ത കഥകളാണ് ഇവരുടെ പേരില്‍ പ്രചരിക്കുന്നത്.

Related posts