ന്യൂഡൽഹി: അമ്പാട്ടി റായിഡുവിന്റെ വിരമിക്കലിനു കാരണക്കാർ ഇന്ത്യൻ സെലക്ടർമാരാണെന്ന് തുറന്നടിച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണിതെന്ന് ഗംഭീർ പറഞ്ഞു.
രാജ്യത്തിനായും ഐപിഎലിലും മികച്ച പ്രകടനം നടത്തിയ, മൂന്ന് സെഞ്ചുറികളും 10 അർധസെഞ്ചുറികളും കണ്ടെത്തിയ അദ്ദേഹത്തെപ്പോലുള്ള താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണ്. ഇന്ത്യയുടെ സെലക്ടർമാർ അഞ്ചുപേരുടേയും റൺസുകൾ കൂട്ടിച്ചേർത്താലും റായിഡു തന്റെ കരിയറിൽ നേടിയ റൺസുകൾക്കൊപ്പം എത്തില്ല. ഈ ലോകകപ്പിൽ സെലക്ടർമാർ തീർത്തും നിരാശപ്പെടുത്തി. റായിഡുവിന്റെ വിരമിക്കലിന് അവരാണ് കാരണം- ഗംഭീർ തുറന്നടിച്ചു.
ഋഷഭ് പന്തും മായങ്ക് അഗർവാളും ഇന്ത്യൻ ടീമിലെ പരിക്കുകൾ മൂലം ടീമിലെത്തി. റായിഡുവിന്റെ സ്ഥാനത്ത് ആരായാലും ഇത്തരം അവസ്ഥ അവർക്കും ഉണ്ടാകുമായിരുന്നു. ഈ വിരമിക്കലിൽ താൻ പൂർണമായും ദുഖിതനാണെന്നും ഗംഭീർ പറഞ്ഞു.