ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും വിരമിക്കുകയാണെന്നും അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീർ. രണ്ടു ലോകകപ്പുകൾ നേടിയ ടീമിൽ ഗംഭീർ അംഗമായിരുന്നു- 2007-ൽ ട്വന്റി 20 ലോകകപ്പും 2011-ൽ ഏകദിന ലോകകപ്പും. 154 ഐപിഎൽ മത്സരങ്ങളിൽനിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡൽഹി ഡെയർ ഡെവിൾഡ് ടീമിൽനിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗംഭീർ ഇന്ത്യൻ ടീമിനു പുറത്താണ്. അടുത്തിടെ ഡൽഹി രഞ്ജി ടീമിന്റെ നായകസ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിവായിരുന്നു.