ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗവുമായ ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്ക്കെതിരേ ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി-20യിൽ നവ്ദീപ് സെയ്നി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ പിന്നാലെ ഗംഭീർ മുൻ താരങ്ങളായ ബേദിക്കും ചൗഹാനുമെതിരേ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. സെയ്നി താങ്കൾ ഇപ്പോൾ രണ്ട് പ്രധാന വിക്കറ്റുകളാണ് എടുത്തിരിക്കുന്നത് അത് മുൻ താരങ്ങളും ഡൽഹി ക്രിക്കറ്റ് ബോർഡ് മുൻ അംഗങ്ങളുമായ ബിഷൻ സിംഗ് ബേദിയുടെയും ചേതൻ ചൗഹാന്റെയും മിഡിൽ സ്റ്റംപ് തെറിപ്പിച്ചു കൊണ്ടാണ്- ഇതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഹരിയാനക്കാരനായ നവ്ദീപ് സെയ്നിയെ ഡൽഹി രഞ്ജി ടീമിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇവർ രണ്ടുപേരും എതിർത്തെന്നായിരുന്നു ഗംഭീറിന്റെ ആരോപണം.ഗംഭീറിന്റെ ആരോപണത്തോട് ബേദിയും ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. എതിർത്തു എന്നത് സത്യമാണ് പക്ഷേ അത് സെയ്നിക്കു കഴിവില്ല എന്നു പറഞ്ഞല്ല.
മറിച്ച് നിയമപരമായ കാരണങ്ങളാലാണ്. ഡൽഹിക്കു പുറത്തുള്ള ഒരു താരം ഡൽഹിക്കുവേണ്ടി കളിക്കുന്പോൾ ഒരു വർഷത്തെ കൂളിംഗ് പീരിയഡ് വേണമെന്നു നിയമമുണ്ടായിരുന്നു. ഇതു മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും ഇരുവരും പറഞ്ഞു.