കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽ നിന്ന് കൈമാറിയ ഇൻസാസ് വിഭാഗത്തിൽപ്പെട്ട 12 തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
കോസ്റ്റൽ പോലീസ് ഈ തോക്കുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയാണ് ഇന്നലെ തിരുവനന്തപുരത്തെ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
ഇവയുടെ പരിശോധനാഫലം കേസിൽ നിർണായകമാകും. അതേസമയം സംഭവദിവസം ഐഎൻഎസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് തുടരുകയാണ്.
ഇതുവരെ 15 ഉദ്യോഗസ്ഥരുടെ മൊഴിയാണ് കോസ്റ്റൽ പോലീസ് രേഖപ്പെടുത്തിയത്. 80 നേവി ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത്. വരുംദിവസങ്ങളിലും മൊഴിയെടുപ്പ് തുടരും.
സംഭവദിവസം എത്ര ആയുധങ്ങൾ ഉപയോഗിച്ചു, എത്ര തവണ വെടിയുതിർത്തു, ഉന്നം തെറ്റിയിട്ടുണ്ടോ, സ്വീകരിച്ച മുൻകരുതൽ എന്തൊക്കെയാണ് എന്നീ വിവരങ്ങളാണ് ചോദിച്ചറിയുന്നത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യൻ(70) ന്റെ ചെവിക്ക് വെടിയേറ്റത്.
വലതു ചെവിയിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റർ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തിൽ 33 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു.